മൂകാഭിനയത്തിൽ പതിരേറെ
1245175
Friday, December 2, 2022 11:08 PM IST
മുതലക്കോടം: ഗ്രീക്കിലെ പാന്റോമീമസ് എന്ന സ്ത്രീയിൽനിന്ന് ഉത്ഭവിച്ച മൂകാഭിനയം കലോത്സവ വേദിയിൽ അവതരിപ്പിച്ചപ്പോൾ പതിരേറെ. മത്സരാർഥികളുടെ അലസമായ സമീപനം, ഐകരൂപ്യമില്ലായ്മ, മുഖത്തെ ഭാവമില്ലായ്മ, പ്രകടനത്തിന് അനുയോജ്യമായ സംഗീതം ഉപയോഗിക്കാതിരിക്കൽ, കണ്ണുകളുടെ ഭാവാത്മകതയില്ലായ്മ, സദസും ടീമുമായുള്ള ബന്ധമില്ലായ്മ എന്നിങ്ങനെ നിരവധി പോരായ്മകൾ മത്സരത്തിൽ നിഴലിച്ചതായി വിധികർത്താക്കൾ ചൂണ്ടിക്കാട്ടി.
കൂന്പൻപാറ ഫാത്തിമ മാതാ ടീം മാത്രമാണ് നിലവാരം പുലർത്തി ഒന്നാം സ്ഥാനം നേടിയത്. പ്രളയത്തിൽ ഇരട്ടകളായ മുക്കുവകുട്ടികളിലൊരാൾ മരിച്ചതിനെത്തുടർന്നു മാനസിക പ്രശ്നത്തിലായ അമ്മയുടെ അസ്വസ്ഥതയും ഒറ്റപ്പെടലിന്റെ ദുഃഖം പേറിക്കഴിയുന്ന ഇളയ കുട്ടിയെയുമാണ് ഇവർ അവതരിപ്പിച്ചത്. രതീഷ് കാടകം കാസർഗോഡ്, നിതിൻ തിരുവനന്തപുരം എന്നിവരാണ് ഗുരുക്കന്മാർ.
അധികമായാൽ അമൃതും...
മുതലക്കോടം: മോണോ ആക്ട് വേദിയിൽ പ്രകടമായത് അമിത ശബ്ദവും അമിത വൈകാരിക പ്രകടനവും. അധികമായാൽ അമൃതും വിഷമാകും എന്നു വിധികർത്താക്കൾക്കു മത്സരശേഷം പറയേണ്ടി വന്നതും അതുകൊണ്ടാണ്. മിമിക്രി മത്സരവും നിലവാരത്തിലേക്ക് ഉയർന്നില്ല. പഴയ അനുകരണങ്ങളായിരുന്നു വിദ്യാർഥികളിൽ കൂടുതൽ പേരും അവതരിപ്പിച്ചത്. പക്ഷികളുടെയും നേതാക്കളുടെയും അനുകരണങ്ങൾ തുടർന്നതോടെ കാണികൾക്കും വിരസതയായി. സമകാലിക വിഷയങ്ങൾ മോണോ ആക്ട്, മിമിക്രി വേദികളിൽ ചുരുക്കമായിരുന്നു.
സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങനെ എന്ന കവിത പ്രമേയമാക്കിയുള്ള മോണോ ആക്ടാണ് യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. എച്ച്എസ്എസ് പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ജി.കെ.പന്നാകുഴിയുടെ ശിക്ഷണത്തിലെത്തിയ സേറ അനീഷ് മയക്കുമരുന്നിന്റെ വിപത്തും അവഗണിക്കപ്പെടുന്ന മാതാപിതാക്കളുടെ ഹൃദയ നൊന്പരങ്ങളും ഭാവമധുരമായി അവതരിപ്പിച്ചു.