കുടുംബക്കൂട്ടായ്മകൾ ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയ്ക്കു വഴിയൊരുക്കണം: മാർ നെല്ലിക്കുന്നേൽ
1262203
Wednesday, January 25, 2023 11:18 PM IST
മുരിക്കാശേരി: കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ തക്കവിധം കുടുംബക്കൂട്ടായ്മകൾ ശക്തമാകണമെന്നും ഇതു ക്രൈസ്തവ സമൂഹത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും വഴിയൊരുക്കുമെന്നും ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. മുരിക്കാശേരിയിൽ നടന്ന രൂപതാതല കുടുംബക്കൂട്ടായ്മ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രൂപതാധ്യക്ഷൻ.
സംഘടിതരാകാത്തവർ അവഗണിക്കപ്പെടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. വിദ്യാഭ്യാസവും സാമൂഹികവും സാമ്പത്തികവുമായ വളർച്ച ഉണ്ടാകണമെങ്കിൽ സംഘടിതമായ ചുവടുവെപ്പ് അനിവാര്യമാണെന്നു അദ്ദേഹം ഓർമിപ്പിച്ചു. സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ കുടുംബക്കൂട്ടായ്മാതലത്തിൽ ചർച്ചചെയ്യപ്പെടുകയും ഉചിതമായ പ്രതികരണങ്ങൾ നടത്തുകയും വേണം. സമൂഹത്തിനു നേതൃത്വം കൊടുക്കാൻ പര്യാപ്തരായ നല്ല നേതൃനിര കൂട്ടായ്മയിൽനിന്നു വളർന്നു വരേണ്ടതുണ്ട്. സമൂഹത്തിലെ ഉന്നത ശ്രേണിയിലെത്താൻ പുതിയ തലമുറയ്ക്ക് പ്രചോദനവും പ്രോത്സാഹനവും കൊടുക്കാൻ നല്ല കൂട്ടായ്മാബന്ധങ്ങൾ വഴി സാധ്യമാകുമെന്നും ബിഷപ് പറഞ്ഞു.
മുരിക്കാശേരി ഫൊറോന വികാരി ഫാ. ജോസ് നരിതൂക്കിൽ, രൂപത ഡയറക്ടർ ഫാ. മാത്യു പുതുപ്പറമ്പിൽ, ഷാജി വൈക്കത്തുപറമ്പിൽ എന്നിവർ പരിശീലന പരിപാടികൾക്കു നേതൃത്വം നൽകി.