വിദ്യാർഥികളെ അനുമോദിച്ചു
1263993
Wednesday, February 1, 2023 10:34 PM IST
തൊടുപുഴ: വിദ്യാലയ മുറ്റത്തുനിന്നു കളഞ്ഞുകിട്ടിയ സ്വർണമാല പ്രധാനാധ്യാപകനെ ഏൽപിച്ചു മാതൃകയായ വിദ്യാർഥിനികളെ അനുമോദിച്ചു. കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ എൽഡയെയും ഗൗരിനന്ദനയെയുമാണ് അനുമോദിച്ചത്.
കലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര വിദ്യാർഥിനികളെ ആദരിച്ചു. ഹെഡ്മാസ്റ്റർ ഷാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എം.എം. പ്രദീപ്, സിസ്റ്റർ മരിയ റാണി, എം.കെ. ബിജു, സ്മിത ലിജു, അഷ്ബിൻ മാത്യു, ജോസഫ് ജെയ്സണ്, ജോമോൻ ജോസ്, സ്കൂൾ ലീഡർ അൽഫിന കബീർ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ 25നാണ് എൽഡയ്ക്കും ഗൗരിനന്ദനയ്ക്കും സ്കൂൾമുറ്റത്തുനിന്നു മാല ലഭിച്ചത്. സ്കൂളിലെതന്നെ ആറാം ക്ലാസ് വിദ്യാർഥിനി എയ്ഞ്ചൽ ജിജോയുടേതായിരുന്നു മാല.
ചടങ്ങിൽ പ്രധാധ്യാപകൻ ഷാബു കുര്യാക്കോസ് മാല എയ്ഞ്ചൽ ജിജോയ്ക്ക് കൈമാറി.