നെടുങ്കണ്ടം മേഖലയില്‍ പുലിയും കാട്ടുപോത്തും ഇറങ്ങിയെന്ന് അഭ്യൂഹം
1278599
Saturday, March 18, 2023 10:19 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ പുലിയും കാട്ടുപോത്തും ഇറങ്ങിയതായി അഭ്യൂഹം. ജനങ്ങള്‍ പരിഭ്രാന്തിയില്‍. എഴുകുംവയല്‍ പുന്നക്കവലയിലും മഞ്ഞപ്പാറ പത്തുവളവിലുമാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. പത്തുവളവില്തന്നെ കാട്ടുപോത്തിറങ്ങിയതായും നാട്ടുകാര്‍ പറയുന്നു.
പുന്നക്കവലയ്ക്കു സമീപം താമസിക്കുന്ന ഓഴക്കല്‍ ജനാര്‍ദനന്റെ വീടിന്റെ പരിസരത്താണ് വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയും പുലിയെ കണ്ടതായി പറയുന്നത്. ജനാര്‍ദനന്റെ ബന്ധുക്കളും കുടുംബാംഗങ്ങളും പുലിയെ നേരിട്ട് കണ്ടതായി പറഞ്ഞു. ജനവാസമേഖലയില്‍നിന്നു മാറി പുല്‍മേടും പാറക്കെട്ടും നിറഞ്ഞ സ്ഥലത്തോടു ചേര്‍ന്നാണ് ഇവര്‍ താമസിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയില്‍ വീടിനോടു ചേര്‍ന്ന തിട്ടയില്‍ സ്ഥാപിച്ചിരുന്ന 200 ലിറ്ററിന്റെ ജാറില്നിന്നു പുലി വെള്ളം കുടിക്കുന്നത് കണ്ടതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ജാറിന്റെ മുകളില്‍ കൈകള്‍ വച്ച് നില്ക്കുന്ന പുലിയെയാണ് ഇവര്‍ കണ്ടത്. പുലിയെ കണ്ടപാടെ വളര്‍ത്തുനായ വീടിനുള്ളില്‍ ഓടിക്കയറി. വീട്ടിലുണ്ടായിരുന്നവര്‍ ബഹളംവച്ചതോടെ പുലി ഓടിമറഞ്ഞു. രണ്ടാം തവണയും ഈ ജാറിനു സമീപം പുലി എത്തിയതായും വീട്ടുകാര്‍ പറഞ്ഞു.
ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇവിടെനിന്നു പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താനായില്ല. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.എസ്. കിഷോര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എസ്. നിഷാദ്, ടി.ആര്. സജു, വി.ജെ. മജോ, അനീഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
പുന്നക്കവലയില്നിന്നു ഏതാനും കിലോമീറ്റര്‍ മാറി മഞ്ഞപ്പാറ പത്തുവളവിലും പുലിയിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഇവിടെത്തന്നെ കാട്ടുപോത്തിന്റേതെന്നു കരുതുന്ന കാല്‍പ്പാടുകളും കണ്ടെത്തി.
വെള്ളിയാഴ്ച രാത്രിയില്‍ മഞ്ഞപ്പാറയ്ക്കും പത്തുവളവിനും ഇടയില്‍ റോഡിലും കാട്ടുപോത്തിനെ കണ്ടതായി പറയുന്നു. ഇവിടങ്ങളില്‍ കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.
ഏതാനും ആഴ്ച മുമ്പ് കൈലാസത്തും പുലിയിറങ്ങയിരുന്നു. എന്നാല്‍, ഇവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ പുലിയെ കണ്ടതായി പറയുന്ന പ്രദേശങ്ങള്‍ക്കു സമീപം വനമേഖലകളില്ല. അടിക്കടി ഉണ്ടാകുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം പ്രദേശവാസികളില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്.