അശാസ്ത്രീയ നിർമാണം; കഞ്ഞിക്കുഴിയിൽ സംസ്ഥാനപാത ഇടിഞ്ഞുതാണു
1278612
Saturday, March 18, 2023 10:19 PM IST
ചെറുതോണി: ആലപ്പുഴ-മധുര സംസ്ഥാനപാത കടന്നുപോകുന്ന കഞ്ഞിക്കുഴി ടൗണിന്റെ ഹൃദയഭാഗത്ത് വേനൽമഴയിൽ കലുങ്കിനോടു ചേർന്ന് ഗർത്തം രൂപപ്പെട്ട് റോഡ് അപകടാവസ്ഥയിലായി. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതിയാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ഒരു മാസം മുമ്പാണ് റോഡിന്റ നിർമാണം പൂർത്തീകരിച്ചത്. നിർമാണം നടക്കുന്ന സമയത്തുതന്നെ കലുങ്കിനോടു ചേർന്നുള്ള നിർമാണത്തിലെ അശാസ്ത്രീയത നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നിർമാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് യാതൊരു നടപടിയും ഉദ്യോഗസ്ഥരും കരാറുകാരനും സ്വീകരിച്ചില്ല.
കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ കലുങ്കിനോടു ചേർന്ന് മണ്ണ് ഇടിഞ്ഞുതാഴുകയായിരുന്നു. ഇപ്പോൾ വഹന-കാൽനട യാത്രികർക്ക് ഗർത്തം അപകടഭീഷണിയായിരിക്കയാണ്. റോഡ് ഇടിഞ്ഞുതാഴ്ന്നതോടെ സമീപത്തുള്ള വ്യാപാരികളും ദുരിതത്തിലായിരിക്കയാണ്.
മൂന്നു കോടി രൂപ മുടക്കി തള്ളക്കാനം മുതൽ പഴയരിക്കണ്ടം വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരമാണ് നിർമിച്ചത്. റോഡ് പണിത കരാറുകാരനും ഉദ്യോഗസ്ഥർക്കും എതിരേ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.