റിവർവ്യൂ റോഡ്: ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും
1279936
Wednesday, March 22, 2023 10:36 PM IST
തൊടുപുഴ: അലൈൻമെന്റ് പ്രകാരം റിവർവ്യൂ റോഡിന്റെ വീതികൂട്ടി നിർമിക്കുന്ന ജോലി എത്രയും വേഗം പൂർത്തീകരിക്കണമെന്ന് റിവർവ്യൂ റോഡ് പ്രൊട്ടക്ഷൻ മൂവ്മെന്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 27നു വൈകുന്നേരം അഞ്ചിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു.
റോഡിന്റെ പ്രവേശനകവാടമായ ചാഴികാട്ട് ആശുപത്രി ജംഗ്ഷനിൽ റവന്യൂവകുപ്പ് ഏറ്റെടുത്ത് പിഡബ്ല്യുഡിക്ക് കൈമാറിയ സ്ഥലത്തെ കെട്ടിടം നീക്കം ചെയ്യാത്തത് റോഡിന്റെ പൂർത്തീകരണത്തിന് തടസമായിരിക്കുകയാണ്. തൊടുപുഴയുടെ രാജപാത എന്നു വിശേഷിപ്പിക്കാവുന്ന ഈ റോഡിന് അനന്തമായ ടൂറിസം സാധ്യതകളാണുള്ളത്.
നടപ്പാത പൂർത്തീകരിച്ച് ഫാൻസി ലൈറ്റുകൾ ഉൾപ്പെടെ സ്ഥാപിച്ചു മനോഹരമാക്കിയാൽ ആകർഷണകേന്ദ്രമായി ഇതുമാറും.എന്നാൽ പുഴയിലേക്ക് ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ തോത് വർധിക്കുകയാണ്. തടികളുടെ അവശിഷ്ടങ്ങളും പുഴയിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. നഗരത്തിലെ മാലിന്യം പുഴയിലേക്ക് തള്ളുന്ന പ്രവണത കൂടിവരികയാണ്. ഇതിനു പുറമെ പ്രദേശത്ത് മയക്കുമരുന്നുവ്യാപാരവും മദ്യപാനികളുടെ ശല്യവും വർധിച്ചുവരികയാണ്.
കുളിക്കടവിലെത്തുന്ന സ്ത്രീകളെ ഉൾപ്പെടെ അസഭ്യം പറയുന്നതും പതിവാണ്. ഇത്തരം പ്രശ്നങ്ങൾ പ്രദേശവാസികൾക്ക് ഒറ്റയ്ക്ക് നേരിടാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രദേശത്തെ അഞ്ച് റസിഡൻസ് അസോസിയേഷനുകൾ ചേർന്ന് റിവ്യർവ്യു റോഡ് പ്രൊട്ടക്ഷൻ മൂവ്മെന്റ് എന്ന പേരിൽ പൊതുവേദി രൂപീകരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് സോമശേഖരപിള്ള, സെക്രട്ടറി പി.എ. ഹരികുമാർ, ജോയിന്റ് സെക്രട്ടറി മെജോ വി. കുര്യാക്കോസ്, മെംബർമാരായ സി.പി. കൃഷ്ണകുമാർ, എസ്. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.