കുടിവെള്ളം മുട്ടിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
1281326
Sunday, March 26, 2023 10:52 PM IST
തൊടുപുഴ: സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കുടിവെള്ളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്. പീരുമേട് പഞ്ചായത്തിലെ മേമലയ്ക്കു സമീപം കന്പിമൊട്ടയിൽ ടാങ്കും പന്പിംഗ് സ്റ്റേഷനും സ്ഥാപിക്കാൻ തുക വകയിരുത്തി അഴുത ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്തും നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സാധാരണക്കാരായ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.
കന്പിമൊട്ടയിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭൂനിരപ്പിൽനിന്നു വളരെ ഉയർന്ന പ്രദേശമാണിത്.
ജൽജീവൻ മിഷന്റെ സംഭരണ ടാങ്ക് സ്ഥാപിച്ച സ്ഥലത്തേക്കാൾ ഉയരത്തിലായതു കാരണമാണ് കുടിവെള്ളം കിട്ടാത്തതെന്നു പീരുമേട് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
പന്പിംഗ് സ്റ്റേഷൻ സ്ഥാപിച്ച് ഭൂനിരപ്പിലുള്ള ടാങ്കിൽനിന്നു വെള്ളം പന്പ് ചെയ്ത് മുകളിൽ സ്ഥാപിക്കുന്ന ടാങ്കിലെത്തിച്ചുവേണം കുടിവെള്ളം ലഭ്യമാക്കേണ്ടത്. പീരുമേട് പഞ്ചായത്തിന് ഇതിനുള്ള ഫണ്ടില്ല. അഴുത ബ്ലോക്കിനോട് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഏപ്രിൽ 20നകം പീരുമേട് പഞ്ചായത്തും അഴുത ബ്ലോക്കും അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.