ഉപ്പുതോട് ഗവ. യുപി സ്കൂൾ സുവർണ ജൂബിലി നിറവിൽ
1282202
Wednesday, March 29, 2023 10:57 PM IST
ചെറുതോണി: രണ്ടു തലമുറയ്ക്ക് അക്ഷരവെളിച്ചം പകർന്ന ഉപ്പുതോട് ഗവ. യുപി സ്കൂൾ സുവർണ ജൂബിലി നിറവിൽ. 1973 ഒക്ടോബർ എട്ടിനാണ് സ്കൂൾ ആരംഭിച്ചത്.
അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ് സ്കൂൾ അനുവദിച്ചത്. 100 അടി നീളമുള്ള പുല്ലുമേഞ്ഞ കെട്ടിടത്തിൽ ഏകാംഗ വിദ്യാലയമായിട്ടായിരുന്നു തുടക്കം. മൂലമറ്റം സ്വദേശി കരുണാകരൻ നായരായിരുന്നു ആദ്യത്തെ അധ്യാപകൻ.
സ്കൂൾ തുടങ്ങാൻ സ്ഥലമില്ലാതെ വന്നതോടെ ചൂരക്കാട്ടിൽ എൻ.എം. മാണി, വേഴമ്പശേരിയിൽ പാപ്പച്ചൻ, കുഞ്ഞ് എന്നിവർചേർന്ന് സംഭാവന നൽകിയ ഒരേക്കർ സ്ഥലത്തായിരുന്നു തുടക്കം. നല്ലൊരു ഗ്രൗണ്ടില്ലെന്നതൊഴിച്ചാൽ ആധുനിക സംവിധാനത്തോടെയാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.
134 കുട്ടികൾ ഇവിടെ ഇപ്പോൾ പഠിക്കുന്നുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് റൂമുകളാണ്. വെള്ളം, വൈദ്യുതി, ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് തുടങ്ങി എല്ലാം ഇവിടെയുണ്ട്.
കർഷകത്തൊഴിലാളിയായിരുന്ന പാറയ്ക്കൽ ഗോപാലകൃഷ്ണപിള്ളയുടെ അഞ്ചു വയസുള്ള മകൾ ബേബി ഷീലാമണിയാണ് 1973 ഒക്ടോബർ എട്ടിനു സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മക്കളും കൊച്ചുമക്കളുമായി കട്ടപ്പനയിൽ കഴിയുന്ന അവർ ഉദ്ഘാടനത്തിനെത്തും. വർഷങ്ങളോളം വനിതകൾ മാത്രമായിരുന്നു അധ്യാപകരും ജീവനക്കാരും. എല്ലാവർഷവും വനിതാദിനത്തിന് അതൊരു വാർത്തയായിരുന്നു. ബ്ലസി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയിൽ മമ്മൂട്ടി കുട്ടികളെ സ്കൂളിൽ ചേർക്കാൻ വരുന്ന രംഗം പകർത്തിയിരിക്കുന്നത് ഈ സ്കൂളിലാണ്. അതോടെ ഈ വിദ്യാലയം വെള്ളിത്തിരയിലുമെത്തി.
സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം നാളെ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.