ജിന്സണ് വര്‍ക്കി ഇന്ന് പ്രസിഡന്റുസ്ഥാനം ഒഴിയും
1282603
Thursday, March 30, 2023 10:35 PM IST
കട്ടപ്പന: മുന്നണി ധാരണ പ്രകാരം ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്സണ് വര്‍ക്കി ഇന്ന് സ്ഥാനമൊഴിയും. വൈകുന്നേരം 4.30നു രാജിക്കത്ത് സമര്‍പ്പിക്കും. ഇടതുമുന്നണിയിലെ ധാരണ പ്രകാരം ആദ്യ 26 മാസം കേരള കോണ്‍ഗ്രസ് - എമ്മിനായിരുന്നു പ്രസിഡന്റുസ്ഥാനം. ഇതനുസരിച്ച് ജിന്സണ് വര്‍ക്കി ഫെബ്രുവരിയില്‍ 26 മാസം പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഒരു മാസം കൂടി അധികമായി നല്‍കുകയായിരുന്നു. അടുത്ത 20 മാസം സിപിഎമ്മിനും അവസാന 14 മാസം സിപിഐക്കുമാണ് പ്രസിഡന്റുസ്ഥാനം.
ലഭിച്ച 27 മാസത്തിൽ പഞ്ചായത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ജൈവ, അജൈവ മാലിന്യസംസ്കരണം, ജനകീയ ഹോട്ടല്‍, ജലജീവന്‍ പദ്ധതി, മഴവെള്ള സംഭരണി, ടൂറിസം പദ്ധതികള്‍, വിദ്യാഭ്യാസ മേഖല എന്നിവയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മികച്ച ജൈവ കാര്‍ഷിക പഞ്ചായത്ത്, മികച്ച ഹരിത കര്‍മ സേന, 100 ശതമാനം പദ്ധതി പൂര്‍ത്തിയാക്കിയ പഞ്ചായത്ത്, ക്ഷീരമേഖലയില്‍ ഏറ്റവും തുക വിനിയോഗിച്ച പഞ്ചായത്ത്, തൊഴിലുറപ്പില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം തുടങ്ങിയ അംഗീകാരങ്ങളും പഞ്ചായത്തിന് ഈ കാലയളവില്‍ ലഭിച്ചു. പഞ്ചായത്തില്‍ ആധുനിക നിലവാരമുള്ള റോഡുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞെന്നും പ്രസിഡന്റ് ജിന്സണ് വര്‍ക്കി, വൈസ് പ്രസിഡന്റ് സിനിമോള്‍ മാത്യു, ഭരണസമിതി അംഗങ്ങളായ ജിഷ ഷാജി, രജനി സജി, ആനന്ദ് സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.