അരിക്കൊമ്പനെചൊല്ലി താലൂക്ക് സഭയിൽ വാക്പോര്
1283191
Saturday, April 1, 2023 10:41 PM IST
നെടുങ്കണ്ടം: അരിക്കൊമ്പനെചൊല്ലി ഉടുമ്പൻചോല താലൂക്ക് സഭയിൽ വാക്പോര്. അരിക്കൊമ്പന്റെ കാര്യം ഇവിടെ മിണ്ടരുതെന്ന എൽഡിഎഫ് ഘടകക്ഷി നേതാവിന്റെ വിരട്ടലാണ് പോരിനു കാരണമായത്.
അരിക്കൊമ്പന്റെ കാര്യവും വന്യമൃഗശല്യവും ഭൂവിഷയവും ഇവിടെത്തന്നെ പറയുമെന്ന് യുഡിഎഫി ഘടകകക്ഷി നേതാവ് പ്രതികരിച്ചതോടെയാണ് പോര് മൂർച്ഛിച്ചത്. പഞ്ചായത്ത് പ്രസിഡന്റുമാരും ഉടുമ്പൻചോല തഹസിൽദാരും ഉദ്യോഗസ്ഥ പ്രതിനിധികളും ഇടപെട്ട് ഇരുകൂട്ടരെയും ശാന്തരാക്കി.
ഇന്നലെ ഉടുമ്പൻചോല താലൂക്ക് സഭയിലാണ് താലൂക്കിൽ പരിഹരിക്കാതെ കിടക്കുന്ന ഭൂവിഷയങ്ങളും റേഷൻകടകൾ കാട്ടാനകൾ തകർക്കുന്ന സംഭവങ്ങളും ചർച്ചയ്ക്കു വന്നത്. അരിക്കൊമ്പൻ വിഷയത്തിൽ താലൂക്ക് സഭ ഇടപെടണമെന്നും തോട്ടംമേഖലയിൽ അടച്ചുറപ്പുള്ള കെട്ടിടങ്ങളിൽ റേഷൻ കട സ്ഥാപിക്കണമെന്നും യുഡിഎഫ് പ്രതിനിധിയും കേരള കോൺഗ്രസ് നേതാവുമായ ജോജി ഇടപ്പള്ളിക്കുന്നേൽ സഭയിൽ ഉന്നയിച്ചു.
ആർഎസ്പി നേതാവ് എം.എസ്. ഷാജി ജോജിക്ക് പിന്തുണ നൽകുകയും ചെയ്തു.