അരിക്കൊന്പൻ: വിദഗ്ധസമിതി നാളെ മൂന്നാറിൽ
1283192
Saturday, April 1, 2023 10:41 PM IST
തൊടുപുഴ: അരിക്കൊന്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ച അഞ്ചംഗ വിദഗ്ധസംഘം നാളെ മൂന്നാറിലെത്തും.
ചിന്നക്കനാൽ, സിമന്റ് പാലം, 301 കോളനി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് പ്രദേശവാസികളിൽ നിന്നും ജനപ്രതിനിധികളിൽനിന്നും വിവരങ്ങൾ ശേഖരിക്കും.
ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്പ് തങ്ങളുടെ ഭാഗംകൂടി കേൾക്കണമെന്നാവശ്യപ്പെട്ട് സിങ്കുകണ്ടം, 301 കോളനി നിവാസികൾ സിങ്കുകണ്ടത്ത് വെള്ളിയാഴ്ച മുതൽ രാപ്പകൽ സമരം നടത്തിവരികയാണ്.
ആനയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ സമരത്തിൽ അണിചേർന്നതോടെ സമരം കൂടുതൽ ശക്തമാകുകയാണ്.
ഇതിനിടെയാണ് വിദഗ്ധ സംഘം വിവരശേഖരണത്തിന് എത്തുന്നത്.
പ്രദേശവാസികളിൽനിന്നു ലഭിക്കുന്ന വിവരങ്ങളും ഉൾപ്പെടുത്തിയുള്ള വിശദമായ റിപ്പോർട്ടാകും നാലിനു കോടതിയിൽ സമർപ്പിക്കുന്നത്.