ഇടുക്കി രൂപതയിൽ ഇന്ന് പ്രാർഥനാദിനം
1298707
Wednesday, May 31, 2023 3:48 AM IST
കരിമ്പൻ: റോമിൽ ഇന്നുമുതൽ ഒക്ടോബർ 29 വരെ നടക്കുന്ന മെത്രാൻ സിനഡിന്റെ പതിനാറാമത് ജനറൽ അസംബ്ലിയുടെ ഭാഗമായി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന വിഷയങ്ങളെ ആസ്പദമാക്കിയുള്ള മാർഗരേഖ കഴിഞ്ഞ രണ്ടു വർഷങ്ങളായി സഭയിലെ എല്ലാ തലങ്ങളിലും ചർച്ച ചെയ്യുകയും അതിന്റെ നിർദേശങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട സമിതികളിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
സിനഡിന്റെ വിജയത്തിനായി ഇന്ന് ലോകം മുഴുവനുമുള്ള കത്തോലിക്ക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും മരിയൻ പ്രാർഥനാദിനമായി ആചരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. സിനഡൽ പ്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ച് വിശ്വാസികളെ ബോധവാന്മാരാക്കുകയും പ്രാർഥനാസഹായം തേടുകയും ചെയ്യുക. സഭയുടെ മുഴുവൻ സിനഡൽ പ്രക്രിയയും പ്രത്യേകിച്ച് മെത്രാന്മാരുടെ സിനഡിന്റെ ജനറൽ അസംബ്ലിയുടെ പ്രവർത്തനങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണത്തിന് ഭരമേൽപ്പിക്കുക, സഭയിൽ വിവിധ വിളി സ്വീകരിച്ചിരിക്കുന്നവരുടെ (അല്മായർ, പുരോഹിതർ, സമർപ്പിതർ) പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മരിയൻ പ്രാർഥനാ ദിനം ക്രമീകരിച്ചിരിക്കുന്നത്.
രൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഇന്ന് വൈകുന്നേരം വിശുദ്ധ കുർബാന, ആരാധന, ജപമാല, തിരിപ്രദക്ഷിണം എന്നിവ നടത്തി പ്രാർഥിക്കും. എല്ലാ സന്യാസ ഭവനങ്ങളിലും ഇന്ന് പ്രത്യേക പ്രാർഥനയും ജപമാലയും നടക്കും. സിനഡിന്റെ വിജയത്തിനായി തയാറാക്കിയിരിക്കുന്ന പ്രത്യേക പ്രാർഥനയും ദേവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും ചൊല്ലണമെന്ന് രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ അറിയിച്ചു.