മീറ്റർ റീഡിംഗിൽ കൃത്രിമം: കെഎസ്ഇബി കരാർ ജീവനക്കാരനെ പിരിച്ചുവിട്ടു
1298709
Wednesday, May 31, 2023 3:48 AM IST
തൊടുപുഴ: ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗിൽ കൃത്രിമം കാട്ടി കെഎസ്ഇബിയ്ക്ക് വൈദ്യുതി ബിൽ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതായി കണ്ടെത്തൽ. സംഭവത്തിൽ കുറ്റം സമ്മതിച്ച മീറ്റർ റീഡിംഗ് എടുത്തിരുന്ന കരാർ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഒപ്പം തൊടുപുഴ സെക്ഷൻ-1 ഓഫീസിനു കീഴിലെ സീനിയർ സൂപ്രണ്ടിനെയും സീനിയർ അസിസ്റ്റന്റിനെയും അന്വേഷണാത്മകമായി സസ്പെൻഡു ചെയ്തു. 140 ഓളം ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗിലാണ് കൃത്രിമം കാട്ടിയത്.
അടുത്തിടെ തൊടുപുഴ സെക്ഷൻ-1ന് കീഴിലെ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരൻ റീഡിംഗ് എടുത്തപ്പോൾ ചില മീറ്ററുകളിൽ പ്രകടമായ മാറ്റം കണ്ടെത്തി. ഇങ്ങനെ 140 ഓളം ഉപയോക്താക്കൾക്ക് വൈദ്യുതി ബിൽ കുത്തനെ കൂടി. ശരാശരി 2,000 രൂപ വന്നിരുന്ന വീട്ടിൽ 35,000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് ഇത്തരത്തിൽ വർധന കണ്ടെത്തിയത്. പരാതി ഉയർന്നതിനെത്തുടർന്ന് നേരത്തെ പ്രദേശത്ത് മീറ്റർ റീഡിംഗ് എടുത്തിരുന്ന കരിമണ്ണൂർ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ റീഡിംഗിൽ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാർഥ റീഡിംഗിനേക്കാൾ കുറച്ചായിരുന്നു യുവാവ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്.
എന്തിനാണ് ഇയാൾ കൃത്രിമം കാട്ടിയതെന്ന് വ്യക്തമായിട്ടില്ല. തുടർന്ന് അന്വേഷണം കെഎസ്ഇബി വിജിലൻസിന് കൈമാറി. ഇയാൾ ഇവിടെ രണ്ട് വർഷത്തോളം ജോലി ചെയ്തിരുന്നു. ഇക്കാലയളവിലെല്ലാം ക്രമക്കേട് നടന്നിരുന്നോയെന്നും സാന്പത്തിക ലാഭത്തിനായാണോ ബിൽ തുക കുറച്ചിരുന്നതെന്നും വിജിലൻസ് അന്വേഷണത്തിലേ കൂടുതൽ വ്യക്തമാകൂ. ക്രമക്കേട് കണ്ടെത്തിയ ഉപഭോക്താക്കളുടെ മീറ്ററുകൾ കഐസ്ഇബിയുടെ വാഴത്തോപ്പിൽ നിന്നുള്ള പ്രത്യേക സ്ക്വാഡ് പരിശോധിച്ച് വരികയാണ്. മീറ്ററുകളിലെന്തെങ്കിലും കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണിത്. പിരിച്ചുവിട്ട ജീവനക്കാരന്റെ കരിമണ്ണൂരിലെ വീട്ടിലെ മീറ്ററും പരിശോധനയ്ക്കെടുത്തിട്ടുണ്ട്.