മധ്യവയസ്കയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
1396064
Wednesday, February 28, 2024 2:53 AM IST
കട്ടപ്പന: കുമളി പത്തുമുറിയിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരക്കവലയിൽ സ്വകാര്യ വ്യക്തി വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തോളം പഴക്കമുള്ളതായി പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കുശേഷം വീട്ടിൽനിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്നു നാട്ടുകാർ നടത്തിയ തെരച്ചിലിൽ മധ്യവയസ്കയെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട് സ്വദേശികളാണ് ഇവിടെ താമസിച്ചിരുന്നത്.
കൂടെ താമസിച്ചിരുന്ന കണ്ണൻ എന്നയാളെ ഇന്നലെ രാവിലെ മുതൽ കാണ്മാനില്ല. കുമളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തും. പരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകു.
അതേസമയം കൂടെയുണ്ടായിരുന്ന കണ്ണൻ എന്ന തമിഴ്നാട് സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.