കപട പരിസ്ഥിതിവാദത്തിന്റെ പേരിൽ ആളുകളെ കൊലയ്ക്കു കൊടുക്കരുത്: മാർ ജോണ്‍ നെല്ലിക്കുന്നേൽ
1396578
Friday, March 1, 2024 3:28 AM IST
മൂന്നാർ: കപട പരിസ്ഥിതി വാദത്തിന്റെ പേരിൽ ഇനിയും ആളുകളെ കൊലയ്ക്കു കൊടുക്കരുതെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ. മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ്കുമാറിന്റെ വീട് സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് കുമാറിന്റെ നിര്യാണത്തോടെ ഒരു കുടുംബം അനാഥമായിരിക്കുകയാണ്.
അദ്ദേഹത്തിന്റെ വീട് ഉൾക്കൊള്ളുന്ന പ്രദേശം പതിറ്റാണ്ടുകളായി ആളുകൾ താമസിക്കുന്ന ജനവാസ മേഖലയാണ്. അത്തരം ഇടങ്ങളിലാണ് വന്യമൃഗങ്ങൾ ആക്രമണം നടത്തുന്നത്. ഇത്തരം സംഭവങ്ങൾ പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. പരിഷ്കൃത രാജ്യങ്ങളിലേതുപോലെ ജനങ്ങൾക്ക് സ്വൈരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുകയും നിയന്ത്രണത്തിനുള്ള പ്രായോഗിക മാർഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്യണം.
മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ സാധാരണക്കാരായ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അത്യന്തം ദുഃഖകരമാണ്. ഈ വിഷയത്തിൽ അധികാരികൾ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു.
മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് വില കൽപ്പിക്കുന്ന കപട പരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് സ്വാർഥലാഭത്തിനുവേണ്ടി മൗനം അവലംബിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതുസമൂഹത്തിന് അപമാനമാണെന്നു മാർ നെല്ലിക്കുന്നേൽ കുറ്റപ്പെടുത്തി.
വന്യമൃഗങ്ങളിൽനിന്നു മലയോര ജനതയെ രക്ഷിക്കാൻ വാഗ്ദാനങ്ങൾക്ക് അപ്പുറം നിയമഭേദഗതികൾ ഉണ്ടാക്കണം. ഇനിയും ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം മലയോര പ്രദേശത്ത് ഉണ്ടാകരുത്. കൊല്ലപ്പെട്ട ആളുകളുടെ കുടുംബത്തിനും പരിക്കുപറ്റിയവർക്കുമുള്ള ധനസഹായത്തിൽ വീഴ്ച വരുത്താൻ പാടില്ല. ധനസഹായം പ്രഖ്യാപിച്ചാൽ എല്ലാമായി എന്ന ചിന്തയും നല്ലതല്ല.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തുടർച്ചയായി ആളുകൾ മരിക്കുന്നത് ഉത്തരവാദിത്വപ്പെട്ടവർ ഗൗരവത്തോടെ കാണുന്നില്ലെന്നത് ഭയാനകമാണ് - ബിഷപ് പറഞ്ഞു. വന്യമൃഗ ആക്രമണത്തിൽ പരിക്കുപറ്റി മൂന്നാർ ആശുപത്രിയിൽ കഴിയുന്നവരെയും ബിഷപ് സന്ദർശിച്ചു.മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും ആളുകളുടെ ദുഃഖത്തോടും ആശങ്കകളോടും ഒപ്പം ഇടുക്കി രൂപതയും ഹൃദയപൂർവം പങ്കുചേരുന്നു.
ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ആളുകളുടെ ആശങ്കകളോടു ചേർന്നു സമരമുഖത്തും സജീവമാകുമെന്നും ഇടുക്കി രൂപതാധ്യക്ഷൻ മുന്നറിയിപ്പു നൽകി.
വികാരി ജനറാൾമാരായ മോണ്‍. ഏബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കൽ, രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്,
ഫാ. ജോണ്‍ മുണ്ടയ്ക്കാട്ട്, ഫാ. മാത്യു കരോട്ട്കൊച്ചറയ്ക്കൽ, ഫാ. വിൻസെന്റ് വാളിപ്ലാക്കൽ, ഫാ. ജോസഫ് തൊട്ടിയിൽ, ഫാ. ജോർജ് പള്ളിവാതുക്കൽ, ഫാ. ജുബിൻ കായംകാട്ടിൽ എന്നിവർ ബിഷപ്പിന് ഒപ്പമുണ്ടായിരുന്നു.