റോഡ് ടാറിംഗ് നടത്തിയില്ല; ആനപ്പാറ നിവാസികൾ സമരത്തിലേക്ക്
1415700
Thursday, April 11, 2024 3:43 AM IST
രാജാക്കാട്: പൊട്ടിത്തകർന്നു കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആനപ്പാറ നിവാസികൾ ഒന്നടങ്കം പ്രതിഷേധ സമരം നടത്തി. രാജാക്കാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപ്പെടുന്ന റോഡിന്റെ തകർച്ചക്കെതിരേയാണ് പ്രതിഷേധിച്ചത്.
ചെല്ലക്കാനം എസ്റ്റേറ്റ് കവലയിൽനിന്ന് ആനപ്പാറ കുരിശുപള്ളി വരെയുള്ള ഒന്നര കിലോമീറ്റർ റോഡാണ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. കഴിഞ്ഞ കുറെ വർഷമായി ഈ റോഡിന്റെ സ്ഥിതി കാളവണ്ടി യുഗത്തെപ്പോലും നാണിപ്പിക്കുന്നതാണ്.
മറ്റൊരു റോഡിന്റെ നിർമാണം നടത്തുന്ന കരാർ കമ്പനി കരിങ്കൽ സാമഗ്രികൾ സ്റ്റേക്ക് ചെയ്യുന്നതിനായി ഹിറ്റാച്ചി പോലുള്ള വാഹനങ്ങൾ ഓടിച്ചതാണ് റോഡിന് കൂടുതൽ തകർച്ച ഉണ്ടാക്കിയതെന്നും ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കി നൽകാമെന്ന് പഞ്ചായത്ത് അധികൃതർക്ക് വാക്കാൽ ഉറപ്പ് നൽകിയെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
ചെറുകിട കർഷകരും തോട്ടം തൊഴിലാളികളും അധിവസിക്കുന്ന മേഖലയാണിത്. ദൈനംദിന ആവശ്യങ്ങൾക്കായി രാജാക്കാട് ടൗണിലോ മുല്ലക്കാനത്തോ എത്തിച്ചേരണമെങ്കിൽ കാൽനട മാത്രമാണ് ആശ്രയം. ഇളകിക്കിടക്കുന്ന കല്ലിലും കുഴിയിലും ചാടി വേണം യാത്ര സാധ്യമാകാൻ. ഓട്ടോറിക്ഷ പോലും ഈ വഴിക്കെത്താറില്ല.സ്കൂൾ ബസുകളും ഇതുവഴിയുള്ള ഓട്ടം നിർത്തിയിട്ട് നാളുകളായി.
രോഗികളുമായി ആശുപത്രിയിലെത്താനും ഏറെ വിഷമിക്കുകയാണിവിടത്തുകാർ. സ്കൂൾ തുറന്നു കഴിഞ്ഞാൽ വിദ്യാർഥികളും രക്ഷാകർത്താക്കളും ഏറെ വിഷമത്തിലാകും. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ രാഷ്ട്രീയം മറന്ന് റോഡിൽ പ്ലക്കാർഡുകളുമായി സൂചന സമരം നടത്തി. ഏത്രയും വേഗം റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതിഷേധത്തെത്തുടർന്ന് ഉടൻ റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുമെന്ന് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്് എം.എസ്. സതി അറിയിച്ചു.