അധികൃതർ അവഗണിച്ചു; നാട്ടുകാർ ശ്രമദാനവുമായി റോഡിലിറങ്ങി
1415923
Friday, April 12, 2024 3:53 AM IST
ഉപ്പുതറ: നികുതി ദായകരാണെങ്കിലും നാട്ടുകാരുടെ ആവശ്യം പരിഗണിക്കാൻ അധികൃതർ തയാറാകാതെവന്നതോടെ നാട്ടുകാർ ശ്രമദാനവുമായി റോഡിലിറങ്ങി. സാങ്കേതിക കാരണം പറഞ്ഞ് നാട്ടുകാരുടെ ആവശ്യം അധികൃതർ നിരസിച്ചതോടെയാണ് തകർന്നുകിടക്കുന്ന ഉളുപ്പൂണി - മൂലമറ്റം കവല - ചോറ്റുപാറ റോഡ് ടാർ ചെയ്യാൻ നാട്ടുകാർ രംഗത്തിറങ്ങിയത്.
ജനകീയ കമ്മിറ്റി രൂപീകരിച്ച് പണസമാഹരണം നടത്തിയാണ് നാട്ടുകാർ യാത്രചെയ്യാനുള്ള റോഡ് റോഡ് ടാർ ചെയ്യാൻ തീരുമാനിച്ചത്. 90 ലക്ഷം രൂപ എസ്റ്റിമേറ്റിട്ടു. നാട്ടിൽനിന്ന് 65 ലക്ഷം രൂപ പിരിച്ചെടുത്തു. ഉളുപ്പൂണിയിലെ റിസോർട്ട് ഉടമകളും സഹായവുമായി എത്തിയതോടെ ബാക്കി തുകയ്ക്ക് കാത്തു നിൽക്കാതെ പണി തുടങ്ങാൻ തീരുമാനിച്ചു.
പ്രദേശവാസിയും പൊതുമരാമത്ത് കോണ്ട്രാക്ടറുമായ റിസോർട്ട് ഉടമ ടാറിംഗ് ജോലി ഏറ്റെടുത്തു. ഉളുപ്പൂണി അർധനാരീശ്വര ക്ഷേത്രം പ്രസിഡന്റ് രാജീവ് രാമചന്ദ്രന്റെ മേൽ നോട്ടത്തിൽ പണി തുടങ്ങി. രണ്ടാഴ്ചകൊണ്ട് മൂന്നു കിലോമീറ്റർ ദൂരം ടാറിംഗ് പൂർത്തിയാക്കി.
ടാർ അടക്കമുള്ള അസംസ്കൃത സാധനങ്ങൾക്കും മറ്റുമായി ചെലവായ 21 ലക്ഷം രൂപ കൂടി കണ്ടെത്താനുള്ള പ്രയത്നത്തിലാണ് നാട്ടുകാർ.വാഗമണ് ടൂറിസം - തോട്ടം - കാർഷിക മേഖലയിലെ പ്രധാന പ്പെട്ടതും അറുന്നൂറു കുടുംബങ്ങളും വിനോദ സഞ്ചാരികളും ഉപയോഗിക്കുന്ന 5 . 5 കിലോമീറ്റർ ദൂരമുള്ളതാണ് റോഡ്.
കുട്ട്യാർ ടണൽ നിർമാണത്തിനായി 1980ൽ കെഎസ്ഇ ബിയാണ് വീതികൂട്ടി ടാർ ചെയ്തത്. 15 വർഷം കഴിഞ്ഞ് റോഡ് ഏലപ്പാറ പഞ്ചായത്തിന് കൈമാറി.
ഒരു തവണ പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വർഷങ്ങളായി റോസു തകർന്നു കിടക്കുകയാണ്. നാട്ടുകാർ നിരവധിത്തവണ പരാതിയും നിവേദനവും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് നാട്ടു ശ്രമദാനമായി റോഡു നിർമാണമേറ്റെടുത്തത്.