ഇടുക്കി അണക്കെട്ടിലേക്ക് വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി
1416862
Wednesday, April 17, 2024 3:09 AM IST
ചെറുതോണി: ഇടുക്കി - ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി. കഴിഞ്ഞ 12 മുതൽ 14 വരെ 1609 മുതിർന്നവരും 278 കുട്ടികളും ഉൾപ്പെടെ1887 പേർ അണക്കെട്ട് സന്ദർശിച്ച് മടങ്ങി.
ചെറുതോണി അണക്കെട്ടിനു മുകളിൽ താല്ക്കാലിക അറ്റകുറ്റപ്പണികൾ നടന്ന് വരുന്നതിനാൽ ഇടുക്കി അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ നിന്നാണ് ടിക്കറ്റ് നല്കുന്നത്. ദിവസം 850 പേർക്ക് മാത്രമാണ് പ്രവേശനാനുമതി. മുതിർന്നവർക്ക് 150 രൂപയും പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൂറ് രൂപയുമാണ് പ്രവേശന ഫീസ്. ഡാമുകൾക്ക് മുകളിലൂടെ കാൽ നടയാത്ര അനുവദിക്കില്ല. ഒരു സമയം പന്ത്രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ബഗ്ഗിക്കാർ ഇതിനായി ഒരുക്കിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹൈഡൽ ടൂറിസം കൗണ്ടറിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡിലുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വേണം സന്ദർശകർ പ്രവേശന പാസ് ഉറപ്പ് വരുത്താൻ. ഓൺലൈൻ ബുക്കിംഗ് സമ്പ്രദായം മാത്രമാണ് നിലവിലുള്ളത്. ഡാം സന്ദർശിക്കാൻ അതിരാവിലെ മുതൽ സന്ദർശകരുടെ തിരക്കാണ്.
പ്രവേശകരുടെ എണ്ണം നിയന്ത്രിച്ചിട്ടുള്ളതിനാൽ ഡാം കാണാനാകാതെ നിരാശരായി മടങ്ങുന്നവരും നിരവധിയാണ്. സുരക്ഷാകാരണങ്ങളാൽ ആറ് മാസമായി ഇവിടെ സന്ദർശനം അനുവദിച്ചിരുന്നില്ല.
അണക്കെട്ടിൽ സന്ദർശനം അനുവദിച്ചതോടെ ജില്ലാ ആസ്ഥാന മേഖലയിലെ വ്യാപാര രംഗത്ത് ഉണർവ് ഉണ്ടായിട്ടുണ്ട്. മെയ് 31 വരെ സഞ്ചാരികൾക്ക് ഡാം സന്ദർശിക്കാം.