യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച രണ്ടുപേർകൂടി പിടിയിൽ
1417107
Thursday, April 18, 2024 3:47 AM IST
വണ്ടിപ്പെരിയാർ: മത്തായിമൊട്ട 59-ാം മൈൽ പുതുവലിൽ രാത്രിയിൽ യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു.
മഞ്ചുമല സ്വദേശികളായ കൃഷ്ണകുമാർ (37), രാം രാജ് (38) എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 12ന് രാത്രിയിൽ മത്തായിമൊട്ട 59-ാം മൈൽ പുതുവലിൽ താമസിക്കുന്ന രാജശേഖരനെ ഒരു സംഘം ആളുകൾ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ രാജശേഖരനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കേസിൽ നാലുപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയും ഇവർക്കായി നടത്തിയ അന്വേഷണത്തിൽ പ്രതികളായ മഞ്ചുമല ലോവർ ഡിവിഷനിൽ രാം കുമാർ (32), മഞ്ചുമല പഴയകാട് പ്രവീൺ (35) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ കേസിൽ ഉൾപ്പെട്ട നാലുപേരെയും പോലീസ് പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.