വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ കോയന്പത്തൂർ സ്വദേശി അറസ്റ്റിൽ
1417253
Friday, April 19, 2024 12:29 AM IST
കുമളി: വിവാഹ വാഗ്ദാനം നൽകി വിദേശ വനിതയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയ ശേഷം യുവതിയുടെ പണവുമായി മുങ്ങിയ കോയന്പത്തൂർ സ്വദേശി കുമളി പോലീസിന്റെ പിടിയിലായി.
കോയന്പത്തൂർ സൗത്ത് സ്വർണാംബിക ലേ ഒൗട്ട് രാമനഗർ സ്വദേശി പ്രേംകുമാർ (51) ആണ് കോയന്പത്തൂരിൽനിന്ന് പിടിയിലായത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
മുപ്പതുകാരിയായ ചെക്കോസ്ലോവാക്യൻ യുവതിയാണ് പരാതിക്കാരി. ലണ്ടനിൽ ജോലി ചെയ്യുന്ന യുവതിയുമായി ഫെയ്സ്ബുക്കിലൂടെയാണ് ഇയാൾ ബന്ധം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കിയത്.
ഈ മാസം 12ന് കൊച്ചിയിലെത്തിയ യുവതിയെ ചെറായിയിലുള്ള റിസോർട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ചു. ആലപ്പുഴയിലെ റിസോർട്ടിൽ 13, 14 തീയതികളിലും അതിക്രമമുണ്ടായതായി യുവതി പോലീസിൽ മൊഴി നൽകി .
15ന് കുമളിയിലെ റിസോർട്ടിലെത്തിച്ചശേഷവും സമാന രീതിയിൽ സംഭവമുണ്ടായതോടെ ഇരുവരും തമ്മിൽ വാക്കേറ്റ മുണ്ടായി. 17ന് പുലർച്ചയോടെ യുവതിയുടെ മുപ്പതിനായിരം രൂപയും 200 പൗണ്ടും കൈക്കലാക്കി യുവാവ് മുങ്ങി.
യുവതി റിസോർട്ട് ഉടമയുടെ സഹായത്തോടെ പോലീസിൽ വിവരം അറിയിച്ചു. ട്രാവൽ ഏജന്റ് എന്ന് പരിചയപ്പെടുത്തിയ യുവാവ് കുമളിയിലെ റിസോർട്ടിൽ ആധാർ കാർഡ് നല്കിയാണ് മുറിയെടുത്തത്.
നാലുമാസം മുൻപും യുവതിയെ ക്ഷണിച്ചു വരുത്തി തമിഴ്നാട് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യുവാവ് എത്തിച്ചിരുന്നു.