ഇടുക്കി മെഡി. കോളജിൽ വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങി
1424360
Thursday, May 23, 2024 3:53 AM IST
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ വീണ്ടും കറുത്ത റിബണുപയോഗിച്ച് വായ് മൂടിക്കെട്ടി പഠിപ്പുമുടക്കി അനിശ്ചിതകാല സമരമാരംഭിച്ചു.
ഇടുക്കി മെഡിക്കൽ കോളജിൽ ഇതു നാലാം തവണയാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. ഹോസ്റ്റലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക, ലാബിന്റെ പ്രവര്‍ത്തനമാരംഭിക്കുക, ഓപ്പറേഷന് തിയറ്റര്‍ നിര്‍മിക്കുക, ക്ലാസ് റൂം നിര്‍മിക്കുക, അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ സമരം നടത്തിയപ്പോള്‍ ഏപ്രില്‍ 30 നുമുമ്പ് എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ വിദ്യാർഥികൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാല്‍, ഒരു വാഗ്ദാനം പോലും നടപ്പിലായില്ല.
നിലവില്‍ ആണ്‍കുട്ടികള്‍ക്കായി നിര്‍മിച്ച ഹോസ്റ്റലിലാണ് പെണ്‍കുട്ടികള്‍ താമസിക്കുന്നത്. ബാക്കികുട്ടികള്‍ പല സ്ഥലങ്ങളിലായിട്ടാണ് താമസിക്കുന്നത്. പുതിയതായി 100 വിദ്യാർഥികള്‍ കൂടിയെത്തുമ്പോള്‍ വീണ്ടും താമസ സൗകര്യമില്ലാതാകും.
പഠിക്കുന്നതിന് 50 പേര്‍ക്കുള്ള ഒരു ക്ലാസ് മുറിയാണുള്ളത്. ഇവിടെ പരീക്ഷ നടക്കുമ്പോള്‍ മറ്റു കുട്ടികള്‍ പുറത്തിറങ്ങി നില്‍ക്കണം. പലപ്പോഴും ഓണ്‍ലൈനായിട്ടാണ് ക്ലാസെടുക്കുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ലാബ് കുട്ടികള്‍ കണ്ടിട്ടുപോലുമില്ലത്രെ.
ഓപ്പറേഷന് തിയറ്ററില്ലാത്തതിനാല് ഓപ്പറേഷന് നടക്കുന്നില്ല. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഓപ്പറേഷന് സംബന്ധിച്ച് ക്ലാസെടുക്കുന്നേയില്ല. ആശുപത്രിയുടെ എല്ലാ ബ്ലോക്കുകളിലും പഠനമുറികൾ വേണമെന്നാണ് നിഷ്കർഷ. ഇതുവരെ ഒന്നുപോലും പൂര്‍ത്തിയായിട്ടില്ല. ഒരെണ്ണം നിര്‍മിച്ച് പാതിവഴിയില്‍ നിർത്തിവച്ചിരിക്കുകയാണ്.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പരിശോധനയ്ക്ക് എത്തുന്ന സമയങ്ങളില്‍ പ്രഫസർമാർ ഉൾപ്പെടെയുള്ളവരെ നിയമിക്കും. പരിശോധന പൂര്‍ത്തിയാക്കി അവർ പോയാലുടൻ ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപോകും.
ത്വക്ക് രോഗം സംബന്ധിച്ച് പഠിപ്പിക്കാന്‍ ഇതുവരെ അധ്യാപകര്‍ വന്നിട്ടില്ല. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് ക്ലാസെടുത്തിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഓര്‍ത്തോ, ഗൈനക്കോളജി, കാര്‍ഡിയോളി തുടങ്ങിയ പ്രധാന വകുപ്പുകളില്‍ പരിശീലനം ലഭിക്കാത്തത് പഠനത്തെ ബാധിക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ആശുപത്രിയില്‍ മരുന്നില്ലാത്തതിനാലും ചികിത്സയില്ലാത്തതിനാലും രോഗികളുടെ എണ്ണം വളരെ കുറവാണ്.
പനി ബാധിച്ചു വരുന്നവര്‍ മാത്രമാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്. അതിനാല്‍ പ്രധാന രോഗങ്ങളെ സംബന്ധിച്ച് തങ്ങള്‍ക്ക് ക്ലാസ് ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇടുക്കി മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍, ലാബ്, ഓപ്പറേഷന് തിയറ്റര്‍ തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ പൂര്‍ത്തിയാക്കാതെ സമരമവസാനിപ്പിക്കുകയില്ലെന്ന് ചെയര്‍ പേഴ്സണ്‍ റോഷ്നി പറഞ്ഞു.
അനൗദ്യോഗികമായി ചര്‍ച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇനി കൃത്യമായ ഉറപ്പുലഭിക്കാതെ സമരമവസാനിപ്പിക്കുകയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.