മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു
1425270
Monday, May 27, 2024 2:35 AM IST
തൊടുപുഴ: മുതലക്കോടം പഴുക്കാക്കുളം റോഡിൽ പൊതുവഴിയിലേക്കും സ്വകാര്യ വ്യക്തിയുടെ വീടിനു മുകളിലേക്കും പതിക്കാവുന്ന രീതിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി.
മരങ്ങളുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശത്ത് താമസിക്കുന്ന പതിനെട്ട് കുടുംബങ്ങൾ ചേർന്നു സമർപ്പിച്ച പരാതിയിലും നാളുകളായി നടപടിയുണ്ടായിട്ടില്ല. മനുഷ്യരുടെ ജീവന് ഭീഷണിയായാണ് ഇവ നിൽക്കുന്നത്. കാലവർഷം അടുത്തെത്തിയ സാഹചര്യത്തിലാണ് മരങ്ങൾ മുറിച്ചുനീക്കണമെന്ന് ഇവർ ശക്തമായി ആവശ്യപ്പെടുന്നത്.
നഗരസഭ മുനിസിപ്പാലിറ്റി പത്താം വാർഡിൽ ഉൾപ്പെട്ട മുതലക്കോടം- പഴുക്കാക്കുളം റോഡിലേയ്ക്കും തെക്കേൽ ടി.വി. ജോസഫിന്റെ വീടിനു മുകളിലേക്കുമാണ് അപകടാവസ്ഥയിൽ റബർ മരങ്ങൾ നിൽക്കുന്നത്. ശക്തമായ കാറ്റും മഴയും ഉണ്ടായാൽ ഇവ ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്.
കാലവർഷം കണക്കിലെടുത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദേശമുണ്ട്. എന്നാൽ പ്രദേശവാസികൾ പരാതി നൽകിയിട്ടും അധികൃതർ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റ് തകരുകയും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.