മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി
1428974
Thursday, June 13, 2024 3:47 AM IST
തൊടുപുഴ: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. തട്ടിപ്പിനിരയായ മൂന്നു പേർ ഇന്നലെ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകി. മുട്ടം സ്വദേശി ഷോണറ്റ്, ഇടമറുക് സ്വദേശി അഞ്ജന മോഹൻ, മൂലമറ്റം സ്വദേശി ജിപ്സി മോൾ ജയ്സണ് എന്നിവരാണ് പരാതി നൽകിയത്.
മുട്ടം മാത്തപ്പാറ സ്വദേശി കെ.ജെ. അമലിനെതിരേയാണ് ഇവർ പരാതി നൽകിയത്. മലേഷ്യയിൽ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത അമലിന് 2,20,000 രൂപ വീതമാണ് ഇവരുൾപ്പെടെ ആറു പേർ നൽകിയത്. അമലും കൂട്ടാളികളായ ജിബിൻ സണ്ണി, ഹരിപ്പാട് സ്വദേശികളായ ജോണ്, മനോജ് എന്നിവരും ചേർന്ന് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഇവർ പരാതിയിൽ പറയുന്നത്.
ആറു മാസം മുന്പാണ് അമലിന് ഇവർ പണം നൽകിയത്. പിന്നീട് ജോലിയും പണവും ലഭിക്കാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. ഒരാൾക്ക് വിമാന ടിക്കറ്റും പിന്നീട് വർക്ക് പെർമിറ്റും അയച്ചു നൽകിയെങ്കിലും ഇത് വ്യാജമായിരുന്നെന്ന് വ്യക്തമായി. ഇതിനിടെ ജോലിക്കായി രേഖകൾ തയാറാക്കിയ കോട്ടയം സ്വദേശി 60,000 രൂപ വീതം നാലു പേർക്ക് മടക്കി നൽകി.
ഇപ്പോൾ അർമേനിയയിലുള്ള അമലിനെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോണ് എടുക്കാറില്ലെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. ഇയാളുടെ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും അവരും ഒഴിഞ്ഞു മാറുകയായിരുന്നു. ജോണാണ് പണം തട്ടിയെടുത്തതെന്നാണ് ഇവർ പറയുന്നത്.
ഈ സാഹചര്യത്തിലാണ് പണം നഷ്ടപ്പെട്ടവർ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. അമലും സംഘവും നേരത്തെയും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതായും സൂചനയുണ്ട്. മലേഷ്യയിൽ ജോലിക്കായി പോയ യുവാവ് തട്ടിപ്പിനിരയായതിനെത്തുടർന്ന് അവരെ പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചതായും വിവരമുണ്ട്.