സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്
1428980
Thursday, June 13, 2024 4:01 AM IST
നെടുംകണ്ടം: താന്നിമൂട് തിരുവല്ലാ പടിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ആറു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ കൊടും വളവിൽ വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് കൂട്ടിയിടിക്കുകയായിരുന്നു.
നെടുങ്കണ്ടത്തിൽനിന്നും കുമളിക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തൂക്കുപാലത്തുനിന്നും നെടുങ്കണ്ടത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.സിമന്റ് ബ്രിക്സ് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള പാതയിൽ മഴ പെയ്തതോടെ വാഹനം തെന്നി നീങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണവർക്കാണ് പരിക്കേറ്റത്.
ചെന്നാപാറ കട്ടക്കാലായിൽ അലീമ ഷാഹുൽ, മുണ്ടിയെരുമ സ്വദേശിനിയായ ജിഎടി ഓഫീസ് ജീവനക്കാരി ബാലാമണി എന്നിവർക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ മറ്റുള്ളവർ നെടുങ്കണ്ടത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.