അപകടം പതിവ് : ന്യൂമാൻ കോളജ് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു
1430770
Saturday, June 22, 2024 3:32 AM IST
തൊടുപുഴ: അപകടം പതിവാകുന്ന ന്യൂമാൻ കോളജ് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. നഗരത്തിലെ പ്രധാനപ്പെട്ട നാലു റോഡുകൾ സംഗമിക്കുന്ന ഇവിടെ അപകടം പതിവായതോടെയാണ് പൊതുമരാമത്ത് വകുപ്പിനോട് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ മുനിസിപ്പൽ ചെയർമാൻ ആവശ്യപ്പെട്ടത്. തുടർന്ന് അധികൃതർ രണ്ടു സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുകയായിരുന്നു.
കാഞ്ഞിരമറ്റം - മങ്ങാട്ടുകവല ബൈപാസ് റോഡിന്റെ ഭാഗമായ ഇവിടെ വ്യക്തമായ അപകട മുന്നറിയിപ്പ് ബോർഡുകളോ വേഗനിയന്ത്രണ സംവിധാനമോ ഇല്ലാത്തതിനാൽ പതിവായി അപകടം സംഭവിച്ചിരുന്നു.
കാഞ്ഞിരമറ്റം ജംഗ്ഷനിൽനിന്ന് മങ്ങാട്ടുകവലയ്ക്കുള്ള ബൈപാസും ബോയ്സ് ഹൈസ്കൂളിന് മുൻവശത്ത് നിന്നും കാരിക്കോടിനുള്ള പഴയ റോഡും സംഗമിക്കുന്ന ഭാഗമാണ് അപകട കേന്ദ്രമായി മാറിയിരുന്നത്.
നാലുവശത്തുനിന്നും ഒരേ സമയം ഇവിടേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതാണ് അപകടത്തിനു വഴി വയ്ക്കുന്നത്. വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ പതിവായതോടെ പ്രദേശവാസികളും വ്യാപാരികളും മുനിസിപ്പൽ ചെയർമാന് നിവേദനം നൽകിയിരുന്നു.
തുടർന്ന് സ്ഥലം സന്ദർശിച്ച ചെയർമാൻ സനീഷ് ജോർജ് പ്രദേശത്ത് അടിയന്തരമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനായി ഇന്നലെ റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചത്.