റബറിനെ കാർഷികവിളയാക്കി മാറ്റി താങ്ങുവില നിശ്ചയിക്കണം: കേരള കർഷക യൂണിയൻ
1431246
Monday, June 24, 2024 3:59 AM IST
ചെറുതോണി: കാർഷികവിളകളുടെ താങ്ങുവില വർധനവിൽനിന്നു റബറിനെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ പ്രതിഷേധിച്ചു.
റബർ കാർഷിക ഉത്പന്നമല്ലെന്ന വാദം ഉയർത്തിയാണ് റബർ കർഷകർക്ക് അർഹിക്കുന്ന സംരക്ഷണവും സാമ്പത്തിക സഹായവും നിഷേധിക്കുന്നത്. അതിനാൽ റബർ കാർഷികവിളയാക്കി മാറ്റി താങ്ങുവില പ്രഖ്യാപിക്കുവാൻ കേരളത്തിലെ 20 എംപിമാരും രാജ്യസഭാ എംപിമാരും സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നും കർഷക യൂണിയൻ ആവശ്യപ്പെട്ടു.
കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽബോഡി യോഗം 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയത്തുള്ള കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ നടക്കും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.