മദർ തെരേസ സേവന അവാർഡ്ജേതാക്കളെ ആദരിച്ചു
1437686
Sunday, July 21, 2024 3:20 AM IST
വെള്ളയാംകുടി: ഫാ. ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മദർ തെരേസ സേവന അവാർഡിൽ സംസ്ഥാന ജേതാക്കളായവരെ വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂൾ മാനേജുമെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തിൽ ആദരിച്ചു.
ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ അവാർഡു ജേതാക്കൾക്ക് പുരസ്കാരങ്ങൾ നൽകി. സ്കൂൾ മാനേജർ ഫാ. തോമസ് മണിയാട്ട് പിടിഎയുടെ ഉപഹാരം സമ്മാനിച്ചു.
സംസ്ഥാനത്തെ മികച്ച സ്കൂളിനും ഏറ്റവുമധികം കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള അവാർഡുകളും സെന്റ് ജെറോംസ് ഹൈസ്കൂൾ കരസ്ഥമാക്കി.
മദർ തെരേസ സ്റ്റേറ്റ് സ്റ്റാർ വിന്നറായി ഡെറിൻ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയാണ് ഡെറിന് ലഭിച്ചത്. ബെസ്റ്റ് കോ-ഓർഡിനേറ്റർ അവാർഡിന് ജിജാ മോൾ ഏബ്രാഹം അർഹയായി.
സ്കൂൾ വിന്നേഴ്സായ അഞ്ചു കുട്ടികൾക്ക് 5,000 രൂപ വീതം സമ്മാനം ലഭിച്ചു. അവയദാതാവ് സോമിച്ചൻ തോമസ് കരിയിലക്കുളത്തിനെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്, ഹെഡ് മിസ്ട്രസ്സ് വിൻസി സെബാസ്റ്റ്യൻ,
സീനിയർ അസിസ്റ്റന്റ് മേരി ജോസഫ്, പിടിഎ പ്രസിഡന്റ് വിനോദ് തോമസ്, എസ്എംസി ചെയർമാൻ ജോജോ കുടക്കച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. അഗതിമന്ദിരങ്ങൾക്കുള്ള വസ്ത്രദാനവും നടത്തി.