അവിശ്വാസവും ഉപതെരഞ്ഞെടുപ്പും; ആരു വാഴും, ആരു വീഴും?
1438553
Tuesday, July 23, 2024 11:40 PM IST
തൊടുപുഴ: നഗരസഭ ചെയർമാനെതിരേയുള്ള അവിശ്വാസത്തിനും ഉപതെരഞ്ഞെടുപ്പിനും ദിവസങ്ങൾ മാത്രം ശേഷിക്കെ അണിയറ നീക്കങ്ങൾ സജീവമാക്കി മുന്നണികൾ. 29നാണ് നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെതിരേ എൽഡിഎഫ് നൽകിയ അവിശ്വാസം പരിഗണിക്കുന്നത്. ഇതിനു പിന്നാലെ 30ന് നഗരസഭ ഒൻപതാം വാർഡിലേക്ക് ഉപതെരഞ്ഞെടുപ്പും നടക്കും.
അവിശ്വാസവും ഉപതെരഞ്ഞെടുപ്പ് വിജയവും എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് ഏറെ നിർണായകമാണ്. അവിശ്വാസത്തിലൂടെ ചെയർമാനെ പുറത്താക്കിയാലും ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ ഇടതുമുന്നണിക്ക് ഭരണം നിലനിർത്താനാവും. എന്നാൽ പരാജയപ്പെട്ടാൽ കാര്യങ്ങൾ യുഡിഎഫിന് അനുകൂലമാകും.
കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായതോടെയാണ് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനെതിരേ എൽഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്. യുഡിഎഫ് വിമതനായി വിജയിച്ച സനീഷ് ജോർജ് എൽഡിഎഫ് പിന്തുണയോടെയാണ് ചെയർമാനായത്. രാജി ആവശ്യപ്പെട്ട് ചെയർമാനെതിരേ സമരം നടത്തിയ യുഡിഎഫും ബിജെപിയും അവിശ്വാസത്തെ പിന്തുണയ്ക്കാനാണ് സാധ്യത. എന്നാൽ ചെയർമാൻ പുറത്തായാൽ പിന്നീടുള്ള മുന്നണി നീക്കങ്ങളിലാണ് എല്ലാവരുടെയും കണ്ണ്.
നിലവിലെ സാഹചര്യത്തിൽ രണ്ടു മുന്നണികൾക്കും ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല. യുഡിഎഫ് വിമതനായ സനീഷ് ജോർജിനെ ചെയർമാനാക്കിയും യുഡിഎഫ് പക്ഷത്തേക്കു കൂറുമാറി വന്ന ജെസി ജോണിക്ക് വൈസ് ചെയർപേഴ്സണ് സ്ഥാനം നൽകിയുമാണ് 15 അംഗങ്ങളുമായി എൽഡിഎഫ് നഗരസഭയിൽ ഭരണം പിടിച്ചത്. യുഡിഎഫിന് 12, ബിജെപി എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതിൽ ജെസി ജോണി കൂറുമാറ്റ നിരോധന നിയമ പ്രകാരം പുറത്തായതോടെ അംഗ ബലം 14 ആയി. ചെയർമാൻകൂടി മാറിയാൽ ഇത് 13 എന്ന നിലയിലേക്ക് മാറും. ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ എൽഡിഎഫിന് വീണ്ടും ഭരണത്തിലെത്താൻ കഴിയും.
എന്നാൽ സിറ്റിംഗ് സീറ്റായതിനാൽ ഇവിടെ വിജയിക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. വിജയിച്ചാൽ അംഗസംഖ്യ പതിമൂന്നിലെത്തും. ഒരാളുടെകൂടി പിന്തുണയുണ്ടെങ്കിൽ ഭരണത്തിലെത്താൻ കഴിയും. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടാൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ സനീഷ് ജോർജ് നിലവിലെ സാഹചര്യത്തിൽ യുഡിഎഫിനൊപ്പം നിൽക്കുമെന്നും ഇവർ കണക്കുകൂട്ടുന്നു. ഇത്തരം കൂട്ടലും കിഴിക്കലുമായി മുന്നണികൾ ഉപതെരഞ്ഞെടുപ്പിൽ സജീവമാണ്.
എൽഡിഎഫ്,യുഡിഎഫ്, ബിജെപി മുന്നണികൾക്കു പുറമേ ആംആദ്മി പാർട്ടിയും തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ട്.
അവിശ്വാസം പരിഗണിക്കുന്ന കൗണ്സിൽ യോഗത്തിനു മുന്നോടിയായി യുഡിഎഫ് യോഗം 26നു ചേരും. ഈ യോഗത്തിൽ അവിശ്വാസം സംബന്ധിച്ച് സ്വീകരിക്കേണ്ട നിലപാടുകളും തുടർ നടപടികളും ചർച്ച ചെയ്തു തീരുമാനിക്കും. അവിശ്വാസത്തെ പിന്തുണയ്ക്കണമെന്ന് തത്വത്തിൽ യുഡിഎഫും ബിജെപിയും തീരുമാനിച്ചിട്ടുണ്ട്. സനീഷ് ജോർജ് അവിശ്വാസത്തിലൂടെ പുറത്തായാൽ നടക്കാനിരിക്കുന്ന ചെയർമാൻ തെരഞ്ഞെടുപ്പും നഗരസഭയെ സംബന്ധിച്ച് നിർണായകമാകും. ഈ സാഹചര്യത്തിലാണ് സനീഷ് ജോർജിന്റെ നിലപാടിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നത്.