ചൊക്രമുടി ഭൂമി കൈയേറ്റം: ഉദ്യോഗസ്ഥർക്കെതിരേ നടപടി
1460542
Friday, October 11, 2024 6:22 AM IST
അടിമാലി: ചൊക്രമുടി ഭൂമി കൈയേറ്റത്തിന്റെ പേരിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കു ശിപാർശ. ദേവികുളം തഹസിൽദാർ, ബൈസൺവാലി മുൻ വില്ലേജ് ഓഫീസർ, ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ എന്നിവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇടുക്കി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
ഉദ്യോഗസ്ഥർ ഗുരുതര ചട്ടലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണിത്. ബൈസൺവാലി വില്ലേജ് ഓഫീസർ, ദേവികുളം തഹസിൽദാർ, ചാർജ് ഓഫീസറായ ഡപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവേയർ എന്നിവരെ സർവീസിൽനിന്നു മാറ്റിനിർത്തി അച്ചടക്ക നടപടിയെടുക്കണമെന്നാണു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
ചൊക്രമുടിയിലെ ഭൂമികൈയേറ്റം, അനധികൃത നിർമാണം എന്നിവയിൽ അന്വേഷണം നടത്താൻ റവന്യു വകുപ്പ് ചുമതലപ്പെടുത്തിയ ദേവികുളം സബ് കളക്ടർ വി.എം.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നു കളക്ടർ റവന്യു വകുപ്പിനു റിപ്പോർട്ട് നൽകി. പിന്നീടു ലാൻഡ് റവന്യു കമ്മീഷണർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തു നൽകി. അതിന്റെ അടിസ്ഥാനത്തിലാണു ഉത്തരവ്.