മർദനമേറ്റ് യുവാവ് മരിച്ച സംഭവം: അയൽക്കാരായ അമ്മയും മകനും റിമാൻഡിൽ
1460840
Monday, October 14, 2024 2:24 AM IST
ഉപ്പുതറ: മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അയൽക്കാരായ അമ്മയും മകനും റിമാൻഡിലായി. മാട്ടുത്താവളം മുന്തിരിങ്ങാട്ട് ജനീഷാ (41)ണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ മരിച്ചത്. സംഭവത്തിൽ പൂക്കൊമ്പിൽ ജോണിയുടെ ഭാര്യ എൽസമ്മ (48), മകൻ ബിബിൻ (22) എന്നിവരാണ് റിമാൻഡിലായത്.
വെള്ളിയാഴ്ച രാവിലെ 10.30നാണ് ജനീഷിന് മർദനമേറ്റത്.
ജനീഷ് ഒറ്റയ്ക്കാണ് താമസം. ജനീഷിന്റെ സഹോദരീ ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് എൽസമ്മ . ഇരുകൂട്ടരും വർഷങ്ങളായി ശത്രുതയിലാണ്. കഴിഞ്ഞവർഷം ജനീഷ് മദ്യപിച്ചെത്തി എൽസമ്മയുടെ വീടിന്റെ ജനൽ അടിച്ചുതകർത്തിരുന്നു. അന്നും ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനുശേഷവും പലതവണ ഇവർ തമ്മിൽ തർക്കങ്ങളും അടിപിടിയും ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസ് കേസുകളുമുണ്ട്.
കഴിഞ്ഞദിവസവും ജനീഷ്, എത്സമ്മയുടെ വീടിനു നേരേ ആക്രമണം നടത്തി. ഇതു ചോദ്യം ചെയ്തത് തർക്കത്തിനു കാരണമായി. തുടർന്ന് എൽസമ്മയും മകൻ ബിബിനും ചേർന്ന് ജനീഷിനെ മർദിച്ചു. മർദനമേറ്റ ജനീഷ് വീട്ടുമുറ്റത്തു തളർന്നുകിടന്നു. ഉച്ചകഴിഞ്ഞ് ഇതുവഴി വന്നവരാണ് ജനീഷ് വീട്ടുമുറ്റത്ത് കിടക്കുന്നത് കണ്ടത്. ഇവരാണ് പോലീസിൽ വിവരം അറിയിച്ചത്.
പോലീസെത്തി ഉപ്പുതറ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മരണവിവരമറിഞ്ഞ് ഒളിവിൽപ്പോയ പ്രതികൾ ശനിയാഴ്ച ഉപ്പുതറ പോലീസിൽ കീഴടങ്ങി.
കോടതിയിൽ ഹാജരാക്കിയ എൽസമ്മയെ കോട്ടയം വനിതാ ജയിലിലേക്കും ബിബിനെ പീരുമേട് സബ് ജയിലിലേക്കും റിമാൻഡ് ചെയ്തു. ജനീഷിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ശനിയാഴ്ച സംസ്കരിച്ചു. ജോസ് - ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജനീഷ്. സഹോദരങ്ങൾ അനീഷ്, ജമിനി.
പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൺ, ഉപ്പുതറ സിഐ ജോയി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.