പോക്സോ ആക്ട്: സ്കൂളുകളിൽ പ്രചാരണ പദ്ധതിക്ക് ഇന്നു തുടക്കം
1568695
Friday, June 20, 2025 12:20 AM IST
തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അഥോറിട്ടിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പോക്സോ ആക്ട്-2012ന്റെ കോപ്പികൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുമെന്ന് തൊടുപുഴ കുടുംബകോടതി ജഡ്ജി ജോഷി ജോണ്, എൻഡിപിഎസ് കോടതി ജഡ്ജി പി.കെ. ജയകൃഷ്ണൻ, ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി എൻ.എൻ. സിജി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചൈൽഡ് സേഫ് ഇടുക്കി-2025 എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ പറഞ്ഞു. ജില്ലയിലെ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് സ്കൂളുകളിലായി 500 കോപ്പികൾ വിതരണം ചെയ്യും. ജില്ലാ ജഡ്ജി ആഷ് കെ. ബാൽ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സന്ദേശം നൽകും.
ചടങ്ങിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ജയശീലൻ പോൾ പോക്സോ ആക്ട് കോപ്പി തൊടുപുഴ ഡിഇഒ ഷീബ മുഹമ്മദിന് കൈമാറും. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സിന്ധു തങ്കം, ജില്ലാ ഗവ. പ്ലീഡർ അഡ്വ. എസ്.എസ്. അനീഷ്, പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടർ പി.വി. വാഹിദ, ജില്ലാ ശിശുക്ഷേമസമിതി ഓഫീസർ പി.ജി. മഞ്ജു എന്നിവർ പ്രസംഗിക്കും. ഡിഎൽഎസ്എ സെക്രട്ടറി എൻ.എൻ. സിജി സ്വാഗതവും വില്ലേജ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സജി വർഗീസ് നന്ദിയും പറയും.
പദ്ധതിയുടെ ആദ്യ ഘട്ടമായി അധ്യാപകർക്ക് പോക്സോ നിയമത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്നതിനാണ് എല്ലാ സ്കൂളുകളിലും കോപ്പികൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടമായി സ്കൂളുകളിൽ പോക്സോ നിയമത്തെ സംബന്ധിച്ച ബോധവത്കരണ ക്ലാസുകളും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുമെന്നും അധികൃതർ അറിയിച്ചു.