പെരുന്പാവൂർ പാപ്പൻപടിയിൽ റോഡിന്റെ വീതി കുറച്ച് അശാസ്ത്രീയ കാന നിർമാണം
1582217
Friday, August 8, 2025 4:29 AM IST
പെരുമ്പാവൂർ: പെരുമ്പാവൂർ - കോടനാട് റോഡിൽ പാപ്പൻപടിയിൽ വെള്ള ക്കെട്ട് ഒഴിവാക്കാൻ അശാസ്ത്രീയമായി നിർമിച്ച കാന റോഡിന്റെ വീതികുറച്ചു. പുറംമ്പോക്ക് ഭൂമിയിൽ കാന നിർമിച്ച് വെള്ള കെട്ട് ഒഴിവാക്കുന്നതിനു പകരം റോഡിന് അനുവദിച്ച സ്ഥലത്ത് കാന കീറിയതോടെ രണ്ട് വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. നാട്ടുകാർ ഇക്കാര്യം കോൺട്രാക്ടറെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമില്ലാതെ നിർമാണം പുരോഗമിക്കുകയാണ്.
പൂപ്പാനി മുതൽ അയ്മുറി കവലവരെ വീതി കൂട്ടി റോഡ് പണിയാനാണ് നിർദേശം. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന് എംഎൽഎ അടക്കമുള്ളവർ ഉറപ്പു നൽകിയെങ്കിലും വർഷം മൂന്നു കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. കാന നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺട്രാക്ടർ സ്വന്തം ഇഷ്ടത്തിനാണ് പ്രവൃത്തികൾ ചെയ്യുന്നത്. പിഡബ്ല്യൂഡി അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ടാറിംഗിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്തത് മഴയത്ത് ഒഴിച്ചു പോയി. ഇതു പരിഹരിക്കാനും അധികൃതർ തയാറായിട്ടില്ല. തുടക്കം മുതൽ റോഡ് പണിയിൽ അഴിമതി ഉണ്ടെന്ന് കാണിച്ച് നിരവധി പേർ ഇതിനകം പരാതി നൽകിയിട്ടുണ്ട്.
പാപ്പൻപടി കവലയിൽ വെള്ളകെട്ട് ഒഴിവാക്കാൻ റോഡിന്റെ വീതി കൂട്ടി കാന നിർമിക്കണമെന്നും അയ്മുറി കവലമുതൽ പെരുമ്പാവൂർ വരെ റോഡ് പുറമ്പോക്ക് അളന്ന് വീതി കൂട്ടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെട്ടിട്ടും പരിഹാരമായിട്ടില്ല. പാപ്പൻപടി കഴിഞ്ഞുള്ള കാനയിൽ സ്വകാര്യ വ്യക്തി കെട്ടിട നിർമാണ വേസ്റ്റിട്ട് നികത്തിയ നിലയിലുമാണ്.