കാശിനാഥിന് വിടചൊല്ലി കൂട്ടുകാർ
1582234
Friday, August 8, 2025 4:41 AM IST
വാഴക്കുളം: കല്ലൂർക്കാട് വീടിനു മുമ്പിൽ വാഹനമിടിച്ചു മരിച്ച വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ കുഴികണ്ടത്തിൽ കാശിനാഥിന് വിടചൊല്ലി കൂട്ടൂകാർ. കളിചിരികളോടെ സ്കൂളിൽനിന്നും വീട്ടിലേക്കു പോയ കാശിനാഥിന്റെ ചേതനയറ്റ ശരീരം കണ്ട് കൂട്ടുകാർ പൊട്ടിക്കരഞ്ഞു.
മൃതദേഹം ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചത്. വിദ്യാർഥികൾ കാശിനാഥിന് അന്തിമോപചാരമർപ്പിച്ചു. തുടർന്നു കല്ലൂർക്കാട്ടെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
ബുധനാഴ്ച വൈകുന്നേരം ആറരയോടെ വീടിനെതിർവശത്തുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി തിരികെ റോഡു മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു കാശിനാഥിനെ വാഹനമിടിച്ചത്.