കടയുടെ പൂട്ട് തകർത്ത് 30 ലിറ്റർ വെളിച്ചെണ്ണ കവർന്നു
1582241
Friday, August 8, 2025 5:16 AM IST
ആലുവ: പച്ചക്കറികടയുടെ പൂട്ട് തകർത്ത് അകത്തുകടന്ന കള്ളൻ പൊക്കിയതിലേറെയും പൊന്നുംവിലയുള്ള വെളിച്ചെണ്ണ കുപ്പികൾ. 16000 രൂപയോളം വില മതിക്കുന്ന വെളിച്ചെണ്ണയാണ് ആലുവ തോട്ടുമുഖം പാലത്തിന് സമീപം ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് കടയിൽനിന്ന് കവർന്നത്.
540 രൂപ വീതം വരുന്ന പ്രീമിയം ബ്രാൻഡ് വെളിച്ചെണ്ണയ്ക്കൊപ്പം 10 ലിറ്റർ പാൽ പായ്ക്കറ്റും മോഷ്ടിച്ചിട്ടുണ്ട്. കടയുടെ തറ തുരന്നു കയറാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ പുട്ടുതല്ലിപ്പൊളിച്ചാണ് അകത്തുകയറിയത്.
ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷം കടയിലെ ചാക്കിലാക്കിയാണ് സാധനങ്ങൾ കൊണ്ടുപോയത്. സിസി ടിവി കാമറയുടെ വയർ മുറിച്ചിട്ടിട്ടുണ്ട്. എന്നാൽ ദ്യശ്യങ്ങൾ നേരത്തെ പതിഞ്ഞിരുന്നതിനാൽ ഇവയുടെ സഹായത്താൽ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.