കോലഞ്ചേരിയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന
1582229
Friday, August 8, 2025 4:41 AM IST
കോലഞ്ചേരി: കോലഞ്ചേരി ടൗണിൽ ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തി. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽനിന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിയിൽ പഴം പച്ചക്കറി, ഇറച്ചി, മീൻ തുടങ്ങിയവ വിലക്കുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ലീഗൽ മെട്രോളജി പെരുമ്പാവൂർ താലൂക്ക് സർക്കിൾ ഒന്ന്, രണ്ട് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. ആറു കേസുകളിൽനിന്ന് 18,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്കം നടത്തുന്ന ത്രാസുകൾ മുദ്രവയ്ക്കാത്തതിനും, പ്രഖ്യാപനമില്ലാത്ത പാക്കേജ് ഫുഡ്സ് വില്പനയ്ക്ക് വച്ചിരുന്നതിനുമാണ് ലീഗൽ മെട്രോളജി വകുപ്പ് നടപടിയെടുത്തത്.
തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ലീഗൽ വകുപ്പ് ഇൻസ്പെക്ടർമാരായ എൽദോ ജോർജ്, എ.സി. സന്ദീപ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം തിരുവാണിയൂരിൽ അഞ്ചു കിലോ കുറ്റി ഗ്യാസ് നിറച്ചതിന് അമിത വില ഈടാക്കിയ കുറ്റത്തിന് നടപടി സ്വീകരിച്ചിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.