എൽഡിഎഫിൽ മുറുമുറുപ്പ് : കന്യാസ്ത്രീകളുടെ അറസ്റ്റിൽ കൊച്ചിയിൽ വെവ്വേറെ പ്രതിഷേധം
1582220
Friday, August 8, 2025 4:29 AM IST
ഫോർട്ടുകൊച്ചി: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് കൊച്ചി മണ്ഡലത്തില്‍ വെവ്വേറെ നടത്തി സിപിഐയും സിപിഎമ്മും.
സിപിഎം എല്‍ഡിഎഫ് ബാനറില്‍ തോപ്പുംപടി പ്യാരി ജംഗ്ഷനില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ സിപിഐ ഒറ്റയ്ക്ക് തോപ്പുംപടി കെഎസ്ഇബി ഓഫിസിനു സമീപം പരിപാടി സംഘടിപ്പിച്ചു. രണ്ടു പരിപാടികളും ഒരേ സമയത്തുമായിരുന്നു.
എല്‍ഡിഎഫ് പരിപാടി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി.എസ്. രാജം അധ്യക്ഷത വഹിച്ചു.കെ.ജെ. മാക്സി എംഎല്‍എ, പി.എ. പീറ്റര്‍, സോണി.കെ ഫ്രാന്‍സിസ് തുടങ്ങിയവർ സംസാരിച്ചു.
സിപിഐയുടെ പരിപാടി മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുൾ ജലീല്‍ ഉദ്ഘാടനം ചെയ്തു. എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ഷബീബ്,പി.എ. അയൂബ് ഖാന്, പി.കെ. ഷിഫാസ്, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ,എ. അഫ്സല് തുടങ്ങിയവര്‍ സംസാരിച്ചു.