ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ മിന്നല്‍ പരിശോധന
1582247
Friday, August 8, 2025 5:16 AM IST
കൊച്ചി: എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ലീഗല്‍ മെട്രോളജി പരിശോധന നടത്തി. അഞ്ച് കിലോഗ്രാം ചോട്ടു ഗ്യാസ് സിലണ്ടറുകളില്‍ അമിതവില ഈടാക്കി എല്‍പിജി ഗ്യാസ് ഫില്ലിംഗ് ചെയ്യുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ലീഗല്‍ മെട്രോളജി മധ്യമേഖല ജോയിന്റ് കണ്ട്രോളര് രാജേഷ് സാമിന്റെ നേതൃത്വത്തില്‍ അസി. കണ്ട്രോളര് ആര്. സുധ, ഫ്ളൈയിംഗ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ആര്.വി. മഞ്ജു, ജിനു വിന്‍സെന്റ്, ശ്രീജിത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന അന്വേഷണ ടീം ജില്ലയിലെ പമ്പുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.
തിരുവാണിയൂരിലുള്ള ഐഒസി പെട്രോള്‍പമ്പില്‍ അഞ്ച് കിലോഗ്രാം ചോട്ടു ഗ്യാസ് സിലണ്ടറുകൾക്ക് അമിത വില ഈടാക്കിയതിന് ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റി റൂള്‍സ് പ്രകാരം 10000 രൂപ പിഴ ഈടാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.
സ്ഥിര താമസക്കാരല്ലാത്ത, വാടക ചീട്ടോ മറ്റു അനുബന്ധ രേഖകളോ ഇല്ലാത്ത പാവപ്പെട്ട ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം വരുന്ന ഗാര്‍ഹിക സിലണ്ടറിന്റെ കണക്ഷന് കിട്ടാന്‍ ബുദ്ധിമുട്ടാണ്. അത്തരം ആളുകളാണ് അഞ്ച് കിലോഗ്രാം ചോട്ടു ഗ്യാസ് കണക്ഷനുകള്‍ എടുക്കാറുള്ളത്. 14.2 കിലോഗ്രാം ഗ്യാസ് സിലണ്ടറിന് 860 രൂപയാണ് കമ്പനി ഈടാക്കുന്നത് എന്നാല്‍ അഞ്ച് കിലോഗ്രാം ചോട്ടു ഗ്യാസിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില 477.50 രൂപയാണ്.
ഇതിനാണ് പമ്പ് ഉടമകള്‍ 530 മുതല്‍ 550 വരെ രൂപ ഈടാക്കുന്നത്. ഓയില്‍ കമ്പനികള്‍ നിശ്ചയിക്കുന്ന നിരക്കില്‍ മാത്രമേ ഇന്ധന പമ്പുകള്‍ വില്പന നടത്താവൂ എന്നിരിക്കെ അമിതവില ഈടാക്കി ഉപഭോക്താക്കളെ വഞ്ചിക്കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ 8281698003, 8281698067 എന്നീ നമ്പറുകളില്‍ അറിയിക്കാം.