ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 2.27 ലക്ഷം തട്ടിയ ദന്പതികൾ ഒളിവിൽ
1582240
Friday, August 8, 2025 5:16 AM IST
വൈപ്പിൻ: ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് ദന്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി. പറവൂർ കെടാമംഗലം സ്വദേശിയായ മധ്യവയസ്കനിൽ നിന്നും 2.27 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ആലുവ സ്വദേശികളായ ദമ്പതികൾക്കെതിരെ ഞാറയ്ക്കൽ പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ആലുവ റേഷൻ കട കവല ഉമപ്പറമ്പിൽ വിജയ്, ഭാര്യ അനുപമ എന്നിവർ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഹംഗറിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത ദമ്പതികൾ കഴിഞ്ഞവർഷം സെപ്റ്റംബർ 20 മുതൽ നവംബർ ആറ് വരെയുള്ള കാലയളവിൽ ഫോൺ പേ, അക്കൗണ്ട് ട്രാൻസ്ഫർ എന്നീ വഴികളിലൂടെ അഞ്ച് തവണകളായിട്ടാണ് പരാതിക്കാരനിൽ നിന്നും പണം കൈപ്പറ്റിയത്. ബംഗളൂരുവിലുള്ള വേഗ കൺസൾട്ടൻസിയുടെ സബ് ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പണം നൽകിയിട്ടും ജോലി തരപ്പെടുത്താതെ വന്നപ്പോൾ നൽകിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. ഞാറയ്ക്കലുള്ള ഒരു ദേശസാൽകൃത ബാങ്കിൽ നിന്നാണ് പരാതിക്കാരൻ പണം ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാറക്കൽ പോലീസിൽ പരാതി നൽകിയതും പോലീസ് കേസ് എടുത്തതും.