ഇടമലയാറിലും പൂയംകുട്ടിയിലുമായി നാല് കാട്ടാനകൾ ചരിഞ്ഞ നിലയിൽ
1582238
Friday, August 8, 2025 5:16 AM IST
കോതമംഗലം: ഇടമലയാറിലും പൂയംകുട്ടിയിലുമായി നാല് കാട്ടാനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ ഡിവിഷന് കീഴിലെ കുട്ടമ്പുഴ ഫോറസ്റ്റ് ഡിവിഷനില്‍ രണ്ടും ഇടമലയാര്‍ റേഞ്ച് പരിധിയില്‍ പിടിയാനയും കുഞ്ഞുമാണ് ചെരിഞ്ഞത്.
കനത്ത മഴയെ തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ കുത്തൊഴുക്കിൽ പെട്ടതാകാമെന്നാണ് നിഗമനം. മലവെള്ളപ്പാച്ചിലില്‍ പുഴ കുറുകെ കടക്കുമ്പോള്‍ ഒഴുക്കില്‍പ്പെട്ട് പാറക്കെട്ടില്‍ വീണുണ്ടായ ക്ഷതമാണ് രണ്ട് ആനകളുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിപുഴയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തിന് സമീപത്ത് പിടിയാനയുടെ ജഡവും ചപ്പാത്തില്‍നിന്ന് ഉദേശം 300 മീറ്റര്‍ മാറി കണ്ടംപാറ ഭാഗത്ത് കൊമ്പന്റെ ജഡവുമാണ് കണ്ടെത്തിയത്. രണ്ട് ആനകള്‍ക്കും ഉദ്ദേശം 15 വയസില്‍ താഴെ പ്രായം കണക്കാക്കുന്നതായി അധികൃതര്‍ പറഞ്ഞു.
രണ്ട് ആനകളും ഒരുമിച്ച് ഒഴുക്കില്‍പ്പെട്ടതാകാനാണ് സാധ്യത. ജഡത്തിന് രണ്ടു ദിവസത്തെ പഴക്കം ഉണ്ട്. കൊമ്പന്റെ ജഡം ബുധനാഴ്ച വൈകിട്ടും പിടിയാനയുടേത് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയുമാണ് കണ്ടെത്തിയത്.
പൂയംകുട്ടി പുഴയിലെ പീണ്ടിമേട് വെള്ളച്ചാട്ടത്തില്‍നിന്ന് താഴേക്കു പതിച്ചതാകാമെന്നാണ് നിഗമനം. വീഴ്ചയില്‍ രണ്ട് ആനകളുടെയും വാരിയെല്ലുകള്‍ ഒടിഞ്ഞ് രക്തസ്രാവം സംഭവിച്ചത് മൂലമാണ് ചരിഞ്ഞതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ബിനോയ് സി.ബാബു, ഡോ.സിറിള്‍ അലോഷ്യസ്, കുട്ടമ്പുഴ റേഞ്ച് ഓഫീസര്‍ വി.പി.മുരളീദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ജഡങ്ങള്‍ വനത്തില്‍ സംസ്കരിച്ചു.
ഇടമലയാര്‍ ഡാമില്‍ കണ്ടെത്തിയ പിടിയാനയുടെയും കുഞ്ഞിന്റെയും ജഡത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. ഡാം സൈറ്റില്‍നിന്ന് 20 കിലോമീറ്റര്‍ മാറി വെണ്‍മുഴി ഭാഗത്ത് വെള്ളച്ചാട്ടത്തിന് താഴെയാണ് പിടിയാനയുടെ ജഡം കണ്ടത്. വെള്ളച്ചാട്ടത്തിന്റെ ഒരു കിലോമീറ്റര്‍ മാറിയാണ് കുഞ്ഞിന്റെ ജഡം കിടന്നത്.
വെള്ളച്ചാട്ടം കുറുകെ കടക്കുമ്പോള്‍ കുഞ്ഞും അമ്മയും താഴ്ചയിലേക്ക് വീണുണ്ടായ മരണമെന്നാണ് നിഗമനം. അടിച്ചില്‍തൊട്ടി ആദിവാസി ഉന്നതിയിലെ ആദിവാസികളാണ് ഇന്നലെ ആനകളുടെ ജഡം ഡാമില്‍ കിടക്കുന്നത് കണ്ട് വനപാലകരെ വിവരം അറിയിച്ചത്. കുഞ്ഞിന് ആറു മാസത്തെ പ്രായമേയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് ഇവയുടെ പോസ്റ്റുമോര്‍ട്ടം നടത്തും.