കളിമണ്ണ് ഖനന നിരോധനം : ഓണത്തപ്പൻ നിർമാണം പ്രതിസന്ധിയിൽ
1582246
Friday, August 8, 2025 5:16 AM IST
ആലുവ: പാടശേഖരങ്ങളിൽ നിന്നുള്ള കളിമണ്ണ് ഖനനം തടഞ്ഞുള്ള 2015ലെ ഉത്തരവ് പിൻവലിക്കാത്തതും അയൽസംസ്ഥാനങ്ങളിൽനിന്നുള്ള കളിമണ്ണിന് വിലകൂടിയതും ഓണത്തപ്പൻ നിർമാണം പ്രതിസന്ധിയിലാക്കിയെന്ന് പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾ. നിലവിൽ തഞ്ചാവൂർ, ബംഗളൂരു, കോൽക്കത്ത മേഖലകളിൽ നിന്നാണ് മൺപാത്ര നിർമാണത്തിനായി കേരളത്തിലേക്ക് കളിമണ്ണ് എത്തിക്കുന്നത്.
12 കിലോ വരുന്ന ഒരു ബ്ലോക്ക് കളിമണ്ണിന് 150 രൂപയായിരുന്നത് ഇപ്പോൾ 325 രൂപയായി. ഏജൻസികളിൽനിന്ന് ഉയർന്ന തുക നൽകി കളിമണ്ണ് വാങ്ങിച്ചാൽ ആവശ്യത്തിനുള്ള ഓണത്തപ്പൻ നിർമാണം നടത്താനാകില്ലെന്നാണ് തൊഴിലാളികൾ പറയുന്നു. മറ്റു കളിമൺ പാത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ നിർമിക്കുന്നതിനും കളിമൺ ക്ഷാമം തൊഴിലാളികൾ നേരിടുന്നുണ്ട്.
ജില്ലയിൽ കളിമണ്ണ് ലഭിക്കുന്ന ധാരാളം പാടശേഖരങ്ങൾ ഉണ്ടായിട്ടും മണ്ണ് ഖനനത്തിനുള്ള അനുമതി നൽകാതെ റവന്യൂ, ജിയോളജി, പോലീസ് വകുപ്പുകൾ നിസഹകരിക്കുകയാണെന്ന് പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളി എറണാകുളം ജില്ലാ പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ പറഞ്ഞു. തൊഴിൽ കാർഡുള്ള ഒരു തൊഴിലാളിക്ക് പ്രതിവർഷം 50 ടൺ കളിമണ്ണ് ഖനനം ചെയ്ത് തൊഴിലിടങ്ങളിലേക്ക് കൊണ്ടു പോകാമെന്ന് നിയമം ഉണ്ടെങ്കിലും നിരോധനം കാരണം ഒന്നും സാധ്യമാകുന്നില്ലെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
പരമ്പരാഗത മൺപാത്ര കുടിൽ വ്യവസായത്തെ സംരക്ഷിക്കുന്നതിന് അടിയന്തരമായി വ്യവസായ, തൊഴിൽ വകുപ്പ് മന്ത്രിമാർ ഇടപെടണമെന്ന് അഖില ഭാരതീയ പ്രജാപതി സംസ്ഥാന അധ്യക്ഷൻ അഡ്വ. സി. ശശികുമാർ ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി സുരേഷ് തൃക്കാക്കര നെടുവത്തൂർ ചന്ദ്രശേഖരൻ, പ്രകാശ് വിളങ്ങറ, ഗോപി തമ്പി, അജിതാ തങ്കപ്പൻ എന്നിവർ പ്രവർത്തിച്ചു.