ഗൂഗിൾ മാപ്പ് വില്ലനായി : കണ്ടയ്നർ ലോറി ഇടറോഡിൽ കുടുങ്ങി
1582248
Friday, August 8, 2025 5:17 AM IST
പെരുമ്പാവൂർ: ഗൂഗിൾ മാപ്പ് പണി കൊടുത്തതോടെ കണ്ടെയ്നർ ലോറി ഇടറോഡിൽ കുടുങ്ങി. സമീപത്തെ രണ്ട് മതിൽക്കെട്ടുകൾ തകർത്ത ലോറി കാനയിൽ വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു. പെരുമ്പാവൂർ ഓൾഡ് വല്ലം റോഡിൽ ഇന്നലെ രാവിലെയാണ് സംഭവം.
പൂനെയിൽനിന്ന് കിഴക്കമ്പലത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് ഗൂഗിൾ മാപ്പ് വില്ലനായതോടെ ഇടറോഡിൽ കുടുങ്ങിയത്. എംസി റോഡ് വഴിപോകേണ്ട ലോറി ഗൂഗിൾ മാപ്പിലെ നിർദേശമനുസരിച്ചാണ് ഇടറോഡിലേക്ക് പ്രവേശിച്ചത്. എന്നാൽ വാഹനത്തിന്റെ വലിപ്പം ഗൂഗിൾ മാപ്പിൽ സെറ്റ് ചെയ്യാതിരുന്നതാണ് ഇത്തരത്തിലുള്ള അമളിക്ക് കാരണമായതെന്നാണ് നിഗമനം.
എന്നാലും വാഹനം തെറ്റായ റോഡിലേക്കാണ് പ്രവേശിച്ചതെന്ന് മനസിലാക്കിയ ഡ്രൈവർ വാഹനം ഇടറോഡിൽ തിരിക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യവ്യക്തികളുടെ രണ്ടു മതിലുകൾ തകർക്കുകയും കാനയിലേക്ക് പതിക്കുകയും ചെയ്തു.
ഇതോടെ നാട്ടുകാർ രംഗത്തുവരികയും മതിയായ നഷ്ടം തന്നതിനുശേഷം മാത്രം വാഹനം കൊണ്ടുപോയാൽ മതിയെന്ന നിലപാടിലേക്ക് എത്തുകയുമായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ തനിക്ക് പറ്റിയ അബദ്ധം ഇവരോട് പറഞ്ഞതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.