മുതിര്‍ന്ന പൗരന്മാരുടെ കരട് നയം : വൈപ്പിനിൽ കൂട്ടായ്മകൾ 10 മുതൽ
1582226
Friday, August 8, 2025 4:29 AM IST
വൈപ്പിൻ: മുതിർന്ന പൗരൻമാരുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കാൻ സർക്കാർ പരിഷ്കരിക്കുന്ന നയം വിശദീകരിക്കുന്നതിനായി ഈ മാസം 10 മുതൽ വൈപ്പിൻ മണ്ഡലത്തിൽ ഇവരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് കെ .എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു.
നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം സമഗ്ര ക്ഷേമപെൻഷൻ അവകാശമാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്താൻ ഗതാഗത സൗകര്യമൊരുക്കും.
പൊതു ജനാരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക വാർഡും ടെലി മെഡിസിൻ സൗകര്യവും സുരക്ഷ ഉറപ്പാക്കാൻ ജിയോ ടാഗ് സംവിധാനവും ഉറപ്പാക്കും. വിദ്യാർത്ഥികൾക്ക് വയോജന പരിപാലന പരിശീലനം നൽകും. മൂന്നിലേറെ കിടപ്പുമുറികളുള്ള വീട്ടിൽ ഒരു മുറി വയോജന സൗഹൃദമാക്കണമെന്നും കരടിൽ വ്യക്തമാക്കിയിട്ടുള്ളതായി എംഎൽഎ വ്യക്തമാക്കി.
വൈപ്പിനിലെ പഞ്ചായത്തുകളിൽ കൂട്ടായ്മ നടക്കുന്ന തീയതിയും സമയവും: ഓഗസ്റ്റ് 10 രാവിലെ 10ന് പള്ളിപ്പുറം. വൈകിട്ട് മൂന്നിന്- മുളവുകാട്. 11ന് വൈകുന്നേരം നാലിന് കടമക്കുടി.15ന് രാവിലെ 10 നായരമ്പലം. വൈകുന്നേരം നാലിന് ഞാറക്കല്‍. 16ന് വൈകുന്നേരം മൂന്നിന് എളങ്കുന്നപ്പുഴ.17ന് വൈകുന്നേരം മൂന്നിന് എടവനക്കാട്. 19ന് വൈകുന്നേരം നാലിന് കുഴുപ്പിള്ളി.