യാത്രാദുരിതത്തിലായ ദേശീയപാത 66ൽ ഭാഗിക ടാറിംഗ്
1582218
Friday, August 8, 2025 4:29 AM IST
പറവൂർ: മഴ പെയ്താൽ ചെളിയും വെള്ളക്കെട്ടും മൂലവും വെയിൽ തെളിയുന്നതോടെ പൊടിശല്യത്താലും യാത്രക്കാർ ദുരിതത്തിലായ ദേശീയപാത 66 ലെ കുറെ ഭാഗം ടാറിംഗ് നടത്തുന്നു. ഏറ്റവും മേശമായ മുനമ്പം കവല മുതൽ പറവൂർ പാലം വരെയാണ് ടാറിംഗ് നടത്തുന്നത്. പകൽ ഗതാഗത തിരക്കായതിനാൽ രാത്രികാലത്താണ് ജോലികൾ തീർക്കുന്നത്.
മഴ ആരംഭിച്ചതു മുതൽ പലവട്ടം അറ്റകുറ്റപണി എന്ന പേരിൽ കുഴിയടയ്ക്കൽ നടത്തിയെങ്കിലും കോൺക്രീറ്റ് ഉപയോഗിച്ച് നടത്തിയ കുഴിയടയ്ക്കൽ വാഹനങ്ങൾ നിരന്തരമായി കടന്നുപോയതോടെ പൊളിഞ്ഞു റോഡിൽ പരക്കുകയായിരുന്നു. മഴ മാറി നിൽക്കുന്നത് കുറച്ചു സമയമാണെങ്കിൽ പോലും ഇതോടെ ഈ ഭാഗമാകെ പൊടിശല്യം രൂക്ഷമായി. മൂത്തകുന്നം മുതൽ ഇടപ്പിള്ളി വരെ റോഡിന്റെ സ്ഥിതി മോശമാണ്.
ഇത് പൂർണമായി നന്നാക്കുന്നതിനു് നടപടികൾ സ്വീകരിച്ചുവരുന്നുണ്ട് എന്നാൽ ഇക്കാര്യങ്ങൾക്ക് കാലതാമസമുണ്ടാകും. അതിനു മുമ്പായി ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം നിലനിൽക്കുന്ന ഭാഗം നന്നാക്കണമെന്ന ചിറ്റാറ്റുകര പഞ്ചായത്തിന്റെ സമ്മർദം പരിഗണിച്ചാണ് ഒന്നര കിലോമീറ്റർ ദൂരം ടാറിംഗ് നടത്തുന്നത്.