ജി. പ്രിയങ്ക ജില്ലാ കളക്ടറായി ചുമതലയേറ്റു
1582239
Friday, August 8, 2025 5:16 AM IST
കൊച്ചി: ജില്ലയുടെ പുതിയ കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു. എന്‍.എസ്.കെ. ഉമേഷില്‍ നിന്നും പദവി ഏറ്റെടുത്ത പ്രിയങ്ക ജില്ലയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ കളക്ടറാണ്. ഡോ. എം. ബീന, ഡോ. രേണുരാജ് എന്നിവരാണ് പ്രിയങ്കയുടെ മുന്‍ഗാമികളായ വനിതാ കളക്ടര്‍മാര്‍. പാലക്കാട് കളക്ടര്‍ സ്ഥാനത്തു നിന്നാണ് പ്രിയങ്ക എറണാകുളത്തേക്കെത്തുന്നത്.
കര്‍ണാടക സ്വദേശിയായ പ്രിയങ്ക ഐഎഎസ് 2017 ബാച്ച് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കളക്ടര്‍, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍, വനിത ശിശുക്ഷേമ ഡയറക്ടര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സിവില്‍ സ്റ്റേഷന് കവാടത്തില്‍ അസി. കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രിയങ്കയെ സ്വീകരിച്ചു. തുടര്‍ന്ന് ചേംബറിലെത്തി എന്‍.എസ്.കെ. ഉമേഷില്‍ നിന്നും ചുമതല ഏറ്റെടുത്തു. ആന്റണി ജോണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.
കളക്ടർക്കും സബ്കളക്ടർക്കും യാത്രയയപ്പ്
കൊച്ചി: സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ്, സബ് കളക്ടർ കെ. മീര എന്നിവർക്ക് കൊച്ചി മണ്ഡലത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. ഹെറിറ്റേജ് സൊസൈറ്റി നോഡൽ ഓഫീസർ ബോണി തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എംൽഎമാരായ കെ.ജെ. മാക്സി, കെ.എ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.