തരിശിട്ട കൃഷിഭൂമിയിൽനിന്നും ഇത്തവണ നൂറുമേനി വിളവ്
1264771
Saturday, February 4, 2023 1:16 AM IST
ഒറ്റപ്പാലം: തരിശിട്ട കൃഷി ഭൂമിയിൽ നൂറുമേനി വിളവ്. ഒറ്റപ്പാലം നഗരപരിധിയിൽ വർഷങ്ങളായി തരിശു കിടന്നിരുന്ന ഭൂമിയിലാണ് ഇത്തവണ നൂറുമേനിയുടെ വിളവെടുത്തത്.
പൂളയ്ക്കാപറന്പ് ചെങ്ങോലപ്പാടത്തെ തരിശുഭൂമിയിലാണു ലക്കിടിയിലെ യുവ കർഷക മഞ്ജുവിന്റെ നേതൃത്വത്തിലാണ് രണ്ടാം വിളവിറക്കിയത്.
വിളവെടുപ്പ് നഗരസഭാധ്യക്ഷ കെ.ജാനകീദേവി ഉദ്ഘാടനം ചെയ്തു.
യന്ത്രങ്ങൾ ഉപയോഗിച്ചു കൊയ്തെടുക്കുന്ന നെല്ല് പിന്നീടു സപ്ലൈകോയ്ക്കു കൈമാറും. കാട്ടുപന്നികളും കാലാവസ്ഥയും ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചാണു കൃഷി വിളവെടുപ്പിലെത്തിയത്.
കൃഷിഭവന്റെ പിന്തുണയും കർഷകയ്ക്കു തുണയായി. വിളവെടുപ്പ് ഉദ്ഘാടനത്തിൽ നഗരസഭാ വൈസ് ചെയർമാൻ കെ.രാജേഷ് അധ്യക്ഷനായി.
വികസന സ്ഥിരം സമിതി അധ്യക്ഷ സുനീറ മുജീബ്, കൗണ്‍സിലർമാരായ ടി.കെ.രഞ്ജിത്ത്, അജയകുമാർ, കൃഷി ഓഫിസർ പി.എച്ച്.ജാസ്മിൻ പ്രസംഗിച്ചു.