ശാശ്വത നടപടി വേണമെന്ന് താലൂക്ക് സഭയിൽ ആവശ്യം
1264983
Sunday, February 5, 2023 12:23 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് മലയോര മേഖലയിൽ അതിരൂക്ഷമായ പുലി ശല്യം ത് പരിഹരിച്ചില്ലെങ്കിൽ മനുഷ്യജീവൻ ഉൾപ്പെടെ അപകടത്തിലാവുമെന്ന് താലൂക്ക് സഭ.
പുലി ശല്യംത്തിനു ശാശ്വത പരിഹാരം കാണണമെന്ന് താലൂക്ക് സഭയിൽ ആവശ്യമുയർന്നു. മണ്ണാർക്കാട് അട്ടപ്പാടി മേഖലയിലേക്കായി ആകെ ഒരു ആർ ആർ ടി ടീം മാത്രമാണ് ഉള്ളത്. ഇത് വിപുലപ്പെടുത്തണമെന്നും താലൂക്ക് സഭയിൽ വിവിധ അംഗങ്ങൾ ആവശ്യപ്പെട്ടു.
കണ്ടമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കോഴിക്കൂട്ടിൽ പുലി കുടുങ്ങുകയും തുടർന്ന് ചാവുകയും ഉണ്ടായി.
കഴിഞ്ഞ ദിവസം തത്തേങ്ങലത്ത് വളർത്തു നായയെ പുലി പിടികൂടി.
തത്തേങ്ങലത്ത് യുവാക്കൾ പുലിയെയും കുഞ്ഞുങ്ങളെയും നേരിൽ കണ്ടിരുന്നു. ഇത്തരം സംഭവങ്ങൾ മണ്ണാർക്കാട് മലയോര മേഖലയിൽ കൂടിവരികയാണ്.
ഇതിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് വിവിധ അംഗങ്ങൾ താലൂക്ക് സഭയിൽ പറഞ്ഞു.
ഇക്കാര്യം ജില്ലാ കളക്ടറെയും സംസ്ഥാന സർക്കാറിനെയും അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ സഭയിൽ പറഞ്ഞു.