കല്യാണിയമ്മയുടെ വീട്ടിൽ വൈദ്യുതി വെളിച്ചമെത്തും
1570489
Thursday, June 26, 2025 8:21 AM IST
കല്ലടിക്കോട്: വർഷങ്ങളായി വൈദ്യുതി ഇല്ലാതെ മെഴുകുതിരി വെട്ടത്തിൽ കഴിഞ്ഞിരുന്ന കല്യാണിയമ്മയുടെ കുടുംബത്തിന് വരുംദിവസത്തിൽ വൈദ്യുതി എത്തും. വൈദ്യുതി നൽകാനാവശ്യമായ അഞ്ച് തൂണുകൾ കെഎസ്ഇബിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചുകഴിഞ്ഞു. കരിമ്പ ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ ആണ് മറ്റു ചെലവുകൾ ഏറ്റെടുത്തിരിക്കുന്നത്.
തിങ്കളാഴ്ചയോടെ ജോലി പൂർത്തിയാക്കി വൈദ്യുതി എത്തിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. കരിമ്പ പഞ്ചായത്ത് പടിഞ്ഞാറെ പനയംപാടം താന്നിക്കൽ വീട്ടിൽ കല്യാണിയമ്മ (87), മകൾ ശ്യാമള (66) എന്നിവരുടെ വീട് നിർമാണം കഴിഞ്ഞ് മൂന്നുവർഷമായിട്ടും വൈദ്യുതി കണക്ഷൻ എടുക്കാൻ കഴിയാത്ത അവസ്ഥ മാധ്യമങ്ങളാണ് പുറത്ത് എത്തിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ട നിരവധിപേർ സഹായം നൽകാനായി ബന്ധപ്പെട്ടിരുന്നു. വീഴ്ചയിൽ കാലിന്റെ തുടയെല്ല് പൊട്ടി കിടപ്പിലാണ് കല്യാണിയമ്മ.