താലൂക്ക് ആശുപത്രി നിയമനങ്ങൾക്കെതിരേ പ്രതിഷേധവുമായി യുവജനതാദൾ-എസ്
1585006
Wednesday, August 20, 2025 1:14 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രിയിലെ വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ ലിസ്റ്റ് അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കത്തിനെതിരേ യുവജനതാദൾ- എസ്. പരാതിയുമായി രംഗത്ത്.
ആശുപത്രി സൂപ്രണ്ടിനെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ചു. നിലവിൽ സ്റ്റാഫ് നഴ്സ് , റേഡിയോഗ്രാഫർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഇസിജി ടെക്നീഷ്യൻ, എച്ച്എംസി ക്ലാർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് ഇന്റർവ്യൂ നടന്നീട്ടുള്ളത്.
അർഹരായവരെ ഒഴിവാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണ് ഇന്റർവ്യൂ ബോർഡിലെ ചിലർ നടത്തുന്നതെന്നും അത്തരത്തിൽ നിയമനം നടത്തിയാൽ നിയമപരമായും സംഘടനാപരമായും നേരിടുമെന്നും ആശുപത്രി സൂപ്രണ്ടിനെ സമരക്കാർ അറിയിച്ചു.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ, ഡിഎംഒ എന്നിവർക്കു പരാതി നൽകിയതായും അറിയിച്ചു. യുവജനതാദൾ- എസ് ജില്ലാ പ്രസിഡന്റ് വിജീഷ് കണ്ണികണ്ടത്തിന്റെ നേതൃത്വത്തിൽ നേതാക്കളായ ജാസിർ ഹുസൈൻ, ശ്യാമപ്രസാദ് പാർത്ഥസാരഥി, എം. ബിനു, എസ്. മനുപ്രസാദ്, എസ്. സുകേഷ്, നവനീത് എന്നിവരാണ് ആശുപത്രി സൂപ്രണ്ടിനെ പരാതി അറിയിച്ചത്.