ചാലിശേരി-പട്ടാമ്പി റോഡ് ആധുനിക നിലവാരത്തിലേക്ക്
1585608
Friday, August 22, 2025 1:38 AM IST
പാലക്കാട്: തൃത്താല മണ്ഡലത്തിലെ ചാലിശേരി -പട്ടാമ്പി റോഡ് ആധുനിക നിലവാരത്തിലേക്കുയരുന്നു. റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് കൂറ്റനാട് സെന്ററില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
ചാലിശേരി തണത്തറ പാലം മുതല്‍ പട്ടാമ്പി തൃത്താല റോഡ് ജംഗ്ഷന് വരെയുള്ള 14 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നവീകരിക്കുന്നത്. റോഡിന്റെ വീതിക്കുറവും വളവ് തിരിവുകളും കാരണം പാതയില്‍ അപകടങ്ങള്‍ പതിവായിരുന്നു. മന്ത്രി എം.ബി. രാജേഷിന്റെ ഇടപെടലിനെ തുടര്‍ന്ന് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്സി (ആര്‍കെഐ) ല്‍ നിന്നും 63.79 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്.
കെഎസ്ടിപി യ്ക്കാണ് (കേരള സ്റ്റേറ്റ് ട്രാന്‍പോര്‍ട്ട് പ്രൊജക്ട് ) നിര്‍വഹണ ചുമതല. നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരു വശങ്ങളിലും വീതി കൂട്ടും. 28 കൾവര്‍ട്ടുകള്‍ പുതുക്കിപ്പണിയും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഡ്രെയ്നേജുകളും സ്ഥാപിക്കും. ജനങ്ങളുടെ ബസ് യാത്ര സുരക്ഷിതമാക്കുന്നതിന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ബസ് ബേകളും ഒരുക്കും. റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് 2026 ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.