ആറുവയസുകാരനെ കണ്ടത്തി: കടത്തിയതു കുട്ടിയുടെ ഉമ്മയും കുടുംബവും
1585612
Friday, August 22, 2025 1:38 AM IST
പാലക്കാട്: പട്ടാമ്പി തെക്കുമലയിൽനിന്ന് ആറു വയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയിൽ ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോയതു കുട്ടിയുടെ ഉമ്മയും കുടുംബവുമാണെന്നു സ്ഥിരീകരിച്ചു. അച്ഛനോടൊപ്പം സ്കൂളിലേക്കുപോയ കുട്ടിയെ മൂന്നു കാറുകളിലായി എത്തിയ സംഘം ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു എന്നാണ് പോലീസിനു പരാതി ലഭിച്ചത്. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ മുഹമ്മദ് ഇവാൻ സായിക്കിനെ ആയിരുന്നു കടത്തിക്കൊണ്ടുപോയത്.
പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് നടത്തിയ അന്വേഷണമാണ് തട്ടിക്കൊണ്ടുപോയതിനുപിന്നിൽ കുട്ടിയുടെ ഉമ്മയും കുടുംബവുമാണെന്നു വ്യക്തമായത്.
കുട്ടിയുടെ അച്ഛനായ മുഹമ്മദ് ഹനീഫയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞു താമസിക്കുന്നവരാണ്. കുട്ടിയുടെ അമ്മ വിദേശത്താണ്. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. യഥാർഥത്തിൽ നടന്നതു തട്ടിക്കൊണ്ടു പോകലല്ല കുട്ടിയുടെ അവകാശത്തെ ചൊല്ലിയുള്ള കുടുംബ വഴക്കായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.